2016, നവംബർ 5, ശനിയാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം - ഭാഗം -15 - കർമ്മയോഗം - 5/11/2016

കർമ്മ ചക്രത്തെ ആരാണോ അനുഷ്ഠിക്കാത്തത് ഇന്ദ്രിയ വിഷയങ്ങളിൽ തൽപ്പരനായ അയാൾ ജീവിതം വ്യർത്ഥമാക്കുന്നു. ഇങ്ങിനെയൊക്കെ ആണെങ്കിലും ആരാണ് ആത്മാവിൽ തന്നെ രതി ചെയ്യുന്നവനായും, സംതൃപ്തി ഉള്ളവനായും സന്തോഷമുള്ളവനായും ഇരിക്കുന്നത്? അവന് ചെയ്യേണ്ടതായിട്ട് ഒന്നുമില്ല. അവന് ഈ  ലോകത്തിൽ കർമ്മംകൊണ്ട് ഒരു പ്രയോജനവും ഇല്ല.കർമ്മം ചെയ്യാഞ്ഞാലും യാതൊന്നുമില്ല  അവന് ആരേയും ഒന്നിനും ആശ്രയിക്കേണ്ടതായും ഇല്ല കാരണം അവൻ പരമാത്മാവിൽ ലീനനാണ്.അതിനാൽ ആസക്തിയില്ലാതെ കർമ്മം ചെയ്യുക.അങ്ങിനെയായാൽ പരമപദം പ്രാപിക്കാം

വളരെ വിഷമം പിടിച്ച ഒരു ഉപദേശമാണിത്.കർമ്മം ചെയ്യാതിരുന്നാൽ ജീവിതം നശിച്ചു എന്നു പറയുന്നു. എന്നാൽ ആത്മാവിൽ സന്തോഷവും സംതൃപ്തിയും ഉള്ളവന് കർമ്മം ചെയ്യേണ്ടതില്ല എന്നും പറയുന്നു. ഇവിടെ അർജ്ജുനൻ ആത്മാരാമനായി തീർന്നിട്ടില്ല അതിനാലാണ് കർമ്മം ചെയ്യാൻ ഭഗവാൻ ആവശ്യപ്പെടുന്നത്. ആത്മാരാമനായ ശേഷമാണ് കർമ്മം ചെയ്തില്ലെങ്കിലും ഒന്നുമില്ലെന്ന് പറയുന്നത്.ലോക നന്മയെ ഉദ്ദേശിച്ചെങ്കിലും നീ കർമ്മം ചെയ്യണം എന്ന് ഭഗവാൻ പറയുന്നു.ശ്രേഷ്ഠന്മാർ എന്തെല്ലാം ചെയ്യുന്നുവോ മറ്റുള്ളവരും അത് ചെയ്യും.ശ്രേഷ്ഠന്മാർ എന്തെല്ലാം ചെയ്യുന്നില്ലയോ മറ്റുള്ളവരും അങ്ങിനെ തന്നെ ചെയ്യും അതിനാൽ അർജ്ജുനാ ശ്രേഷ്ഠനായ നീ കർമ്മം ചെയ്യണം. ഭഗവാൻ പറഞ്ഞ ലോക നന്മ മാതൃക കാട്ടി ക്കൊടുക്കാനാണ്.

പിന്നെ ഭഗവാൻ പറയുന്നു --എനിക്ക് ചെയ്യേണ്ടതായി ഒന്നുമില്ല കിട്ടേണ്ടതും കിട്ടാത്തതായും ഒന്നുമില്ല.എന്നിട്ടും കർമ്മം ചെയ്യുന്നത് മാതൃക കാട്ടിക്കൊടുക്കുന്നതാണ്.ഞാൻ കർമ്മം ചെയ്യാതിരുന്നാൽ ജനങ്ങളും എന്നെ അനുകരിക്കും.അപ്പോൾ ഈ ലോകങ്ങളൊക്കെ നശിച്ചു പോകും. അതിനാൽ ആവശ്യമില്ലെങ്കിലും എനിക്ക് കർമ്മം ചെയ്തേ പറ്റൂ!

തത്ത്വമറിയുന്നവൻ അജ്ഞാനികളായ ആസക്തിയോടെ കർമ്മം ചെയ്യുന്നവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കാതെ സമചിത്തതയോടെ കർമ്മം ചെയ്ത് കാട്ടിക്കൊടുത്ത് അവരെക്കൊണ്ട് കർമ്മം ചെയ്യിക്കണം.

സത്യത്തിൽ പ്രകൃതിയുടെ ഗുണങ്ങളാലാണ് എല്ലാ കർമ്മങ്ങളും ചെയ്യപ്പെടുന്നത്.അഹംകാരത്താൽ അവിവേകിയായവൻ ഞാനാണ് കർത്താവ്, എന്ന് കരുതുന്നു. തത്ത്വമറിയുന്നവൻ ഇന്ദ്രിയങ്ങൾ വിഷയങ്ങളിൽ വ്യാപരിക്കയാണ് എന്നറിഞ്ഞിട്ടും അതിൽ ആ സക്തനാകുന്നില്ല. (തുടരും) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ