2017, ജൂൺ 7, ബുധനാഴ്‌ച

പരമാത്മാവും ,ദേവതകളും

അരൂപിയും ,അദൃശ്യനും ആയ പരമാത്മാവ് സകളവും നിഷ്കളങ്കവും ആയ രൂപമെടുത്ത അവസ്ഥകളെയാണ് ദേവതകൾ എന്ന് പറയുന്നത്. മനുഷ്യന്റെ ജ്ഞാനത്തിനും വിവേകത്തിനും അനുസരിച്ച് ഉപാസിക്കാൻ ഈശ്വരൻ തന്നെ സൗകര്യം ചെയ്തു തന്നിട്ടുണ്ട്. അരൂപിയായ പരമാത്മാവിന്റെ ജ്ഞാനസ്വരൂപത്തെ ധ്യാനിക്കുവാൻ സാധാരണക്കാർക്ക് പ്രയാസമായതിനാൽ ഈശ്വരന്റെ തന്നെ സകളവും നിഷ്കളങ്കവും ആയ രൂപങ്ങളെ ഉപാസിക്കുവാൻ ഈശ്വരൻ തന്നെ വിധി ഉണ്ടാക്കിയിട്ടുണ്ട്. ആയതിനാൽ സഗുണോപാസനയെ നിഷേധിക്കേണ്ടതില്ല. എന്നാണോ നിർഗ്ഗുണോപാസനയ്ക്ക് നമുക്ക് കഴിയുന്നത്? അപ്പോൾ നിർഗ്ഗുണോപാസനയാകാം അതുവരെ സഗുണോപാസന തുടരാം.

സഗുണോപാസനാ വിധികളാണ് ക്ഷേത്രവും ആചാരങ്ങളും. ക്ഷേത്രത്തിലെ ആചാരങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വഴിപാടുകൾ.വഴിപോലെ അഥവാ നിയമപ്രകാരമുള്ള ആചാരങ്ങൾ അല്ലെങ്കിൽ വിധികൾ എന്നാണ് വഴിപാട് എന്നതിനർത്ഥം.ഏതു ദേവതയെ ആണ് ഉപാസിക്കുന്നത്? ആ ദേവതയുടെ പ്രീതിയ്ക്കായി അഥവാ ശ്രദ്ധ ക്ഷണിക്കുന്നതിലേക്കായി ചില ചടങ്ങുകൾ ! അതാണ് വഴിപാട്. അത് ശാസ്ത്രവുമാണ്. ലഭിക്കുന്ന എെശ്വര്യങ്ങൾക്ക് ഒരാൾ അർഹനാണോ?അർഹനാണ് എന്ന് മനസ്സുകൊണ്ട് ഉൾക്കൊണ്ടാലേ ഒരാൾ വഴിപാട് നടത്തുകയുള്ളു. അപ്പോൾ വഴിപാട് നടത്തുന്നത് ലഭിക്കേണ്ട എെശ്വര്യത്തിന് നമ്മൾ അർഹനാണ് എന്ന് തെളിയിക്കുന്നലഒരു പ്രക്രിയ ആണ്. വഴിപാട് നടത്തുമ്പോൾ നമ്മൾ ചെയ്യുന്ന പ്രാർത്ഥന ദേവതകൾ കൈക്കൊള്ളുകയും അനുഗ്രഹം നൽകുകയും ചെയ്യുന്നു.

ഓരോ ക്ഷേത്രങ്ങളിലെ ദേവതകൾക്കും കാലം സ്ഥലം പ്രകൃതി എന്നിവ പരിഗണിച്ച് വ്യത്യാസങ്ങൾ കാണും. ഈ വ്യത്യാസങ്ങൾ തികച്ചും മനശ്ശാസ്ത്രപരമാണ്. അന്ധവിശ്വാസമായി കാണുന്നതാണ് ശരിക്കും അന്ധവിശ്വാസം. എന്നാൽ നിർഗ്ഗുണോപാസനയ്ക്ക് ക്ഷേത്രങ്ങളോ വഴിപാടുകളോ ഉത്സവങ്ങളോ ഒന്നും ഇല്ല. പക്ഷേ അത് ജ്ഞാനം മൂലം ഒഴിവാക്കുന്നതാണ്. അല്ലാതെ നിഷേധം കൊണ്ട് ഒഴിവാക്കുന്നതല്ല.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ