ഭഗവദ് ഗീതാ പഠനം --അന്‍പത്തി എഴാം ദിവസം -
***************************************************************************************
രണ്ടാം അധ്യായം --ശ്ലോകം --12
*********************************************
ന ത്വേവാഹം ജാതു നാസം
ന ത്വം നേമേ ജനാധിപാ:
ന ചൈവ ന ഭവിഷ്യാമ:
സര്‍വ്വേ വയമത: പരം
അര്‍ത്ഥം ---ഞാന്‍ ആകട്ടെ ഒരിക്കലും ഇല്ലായിരുന്നു എന്ന അവസ്ഥ ഉണ്ടായിട്ടില്ല.നീ ഇല്ലായിരുന്നു എന്ന അവസ്ഥയും ഉണ്ടായിട്ടില്ല.ഈ രാജാക്കന്മാരും ഇല്ലായിരുന്നു എന്ന അവസ്ഥ ഉണ്ടായിട്ടില്ല, നമ്മളെല്ലാം ഇതിനു ശേഷവും ഇല്ലാതാവും എന്ന ഒരവസ്ഥയും സംഭാവ്യമല്ല .
വിശദീകരണം
*******************
ആത്മാവിന്‍റെ നിത്യ സ്വരൂപത്തെ കുറിച്ച് ചിന്തിച്ചാല്‍ ദുഖത്തിന് യാതൊരു അവകാശവും ഇല്ലെന്നു പറഞ്ഞ ഭഗവാന്‍ എന്താണ് ആത്മാവിന്റെ നിത്യ സ്വഭാവം എന്ന് പറയുന്നു.ഞാനും നീയും,ഈ രാജാക്കന്മാരും ഒന്നും ഇതിനു മുന്‍പ് ഉണ്ടായിരുന്നില്ല എന്ന് കരുതരുത്. ഇനി മേലിലും ഉണ്ടാകില്ല എന്നും കരുതരുത്. നമ്മള്‍ എല്ലാം ഇതിനു മുന്‍പ് ഉണ്ടായിരുന്നു. ഇനി മേലിലും അപ്രകാരം തന്നെ. ഉണ്ടായിരിക്കും
നമുക്ക് ഈ പ്രപഞ്ചത്തില്‍ വൈവിധ്യങ്ങള്‍ മാത്രമേ കാണാനുള്ളൂ.ഞാനും നീയും അതും ഇതും ഒക്കെ. വൈവിധ്യങ്ങള്‍ സത്യം എന്ന് കരുതുന്ന അവസ്ഥയില്‍ സുഖ ദുഖങ്ങളും അവയ്ക്ക് കാരണം ആയ അനുകൂല പ്രതികൂല ചിന്തകളും വന്നു കൂടും.എന്നാല്‍ പരമാര്‍ത്ഥം ആയ ദൃഷ്ടിയിലൂടെ നോക്കുമ്പോള്‍ എവിടെയാണ് വൈരുധ്യങ്ങളും വൈവിധ്യങ്ങളും ഉള്ളത്?സര്‍വം ഖലു ഇദം ബ്രഹ്മ എന്ന ശ്രുതി വചനം അനുസരിച്ച്.ഏകവും,സച്ചിദാനന്ദ സ്വരൂപവും ആയ ബ്രഹ്മം മാത്രമാണ് സത്യമായിട്ടുള്ളത്. അത് തന്നെയാണ് പല പ്രകാരത്തില്‍ ഭാസിക്കുന്നത് അഥവാ കാണുന്നത്..അതിനാല്‍ അത് മനസ്സിലാക്കി ഇവിടെ ശുദ്ധ ബോധം മാത്രമേയുള്ളൂ എന്ന ഏക ബോധത്തോടെ ജീവിക്കുവാന്‍ ആണ് ആചാര്യന്മാര്‍ ഉപദേശിക്കുന്നത്.എല്ലാവരും എന്റെ കൈ,എന്റെ കാല്‍ എന്നൊക്കെ പറയാറുണ്ടല്ലോ അപ്പോള്‍ ശരീരത്തില്‍ നിന്ന് അന്യമായി സാക്ഷിയായി ഈ ശരീരത്തിനു അധിപനായി ഒരു ഞാന്‍ ഉണ്ടല്ലോ ആ ഞാന്‍ ആണ് ആത്മാവ്. അത് കൊണ്ടാണ് ഭഗവാന്‍ ഞാന്‍ എന്നത് ഒരിക്കലും ഉണ്ടാകാതിരുന്നി ട്ടില്ല ഇനി ഉണ്ടാകാതിരിക്കയുമില്ല എന്ന് പറയുന്നത് .പ്രായവും മറ്റും കണക്കാക്കുന്നത് ശരീരത്തെ ഉദ്ദേശിച്ചാണ് ഈ ശരീരം നശ്വരം ആണ് എന്നാല്‍ അതിനുള്ളിലെ ഞാന്‍ നിത്യനും നാശ രഹിതനും ആണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ