2016, നവംബർ 5, ശനിയാഴ്‌ച

വേദാന്തവും,വേദാന്തികളും,ഭൗതികജീവിതവും
*******************************************
വേദം എന്നാൽ അറിവ് അഥവാ ജ്ഞാനം. അന്തം എന്നാൽ അവസാനം.വേദാന്തം--ജ്ഞാനത്തിന്റെ അഥവാ അറിവിന്റെ അവസാനം. ഏതോന്ന് അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒന്നും അറിയാൻ ഇല്ലയോ അത് വേദാന്തം
      ഭൗതീക വിഷയത്തിലുള്ള അറിവിനെ അല്ല വേദാന്തം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ബ്രഹ്മ സാക്ഷാത്കാരം എന്നർത്ഥം.ഈ പ്രപഞ്ചത്തിന് ആധാരമായ ശക്തി വിശേഷം തന്നെയാണ് ഈ പ്രപഞ്ചം മുഴുവനും തിങ്ങി നിറഞ്ഞു നിൽക്കുന്നതെന്നും,ഈ പ്രപഞ്ചത്തിലെ ഒരു ചെറിയ വസ്തുവായ തന്നിലും നിറഞ്ഞ് നിൽക്കുന്ന ചൈതന്യം ആ ബ്രഹ്മം തന്നെയാണെന്ന തിരിച്ചറിവും അത് ഉൾക്കൊള്ളലും അതാണ് ബ്രഹ്മ സാക്ഷാത്കാരം.ബ്രഹ്മം അഥവാ ഈശ്വരൻ അഥവാ പരമാത്മാവ് മാത്രമാണ് സത്യം ബാക്കിയുള്ള ദൃശ്യ പ്രപഞ്ചം അനിത്യവും,അത് വഴി മിഥ്യയുമാണ് എന്ന ഉറച്ച ബോധം.
        ഭാരതീയ സനാതന ധർമ്മത്തിന്റെ കാതലും ഭാരതീയ സനാതനധർമ്മത്തിന് മാത്രം അവകാശപ്പെട്ടതും ആണ് വേദാന്തം.എന്ത് കൊണ്ട് മറ്റുള്ളവർക്ക് അവകാശപ്പെട്ടു കൂടാ? എന്ന ചോദ്യം ഉയർന്നേക്കാം.പക്ഷേ മതങ്ങൾക്ക് ഒരിക്കലും പ്രാപ്യമല്ല വേദാന്തം. കാരണം വേദാന്തത്തിൽ മതമില്ല.ആചാരങ്ങളില്ല.ക്ഷേത്രമോ,പള്ളിയോ,മറ്റ് നിബന്ധനകളോ ഒന്നും ഇല്ല. വേദാന്തത്തിൽ പ്രകൃതിയും പൂരുഷനും തമ്മിലുള്ള അറിവ് മാത്രമേ ഉള്ളു. ഈ പ്രപഞ്ചത്തിലെ എല്ലാ വിഷയവും ഉഴക്കൊള്ളുന്നത് പ്രകൃതി പുരുഷ ബന്ധങ്ങളിലാണ് അദൃശ്യമായ ശക്തി വിശേഷവും ദൃശ്യമായ വസ്തുവും തമ്മിലുള്ള ബന്ധം അതാണ് സാംഖ്യാ ദർശനം വേദാന്തവും അത് തന്നെ.
      ഇന്ന് കാണുന്ന ആചാരഅനുഷ്ഠാനങ്ങളൊക്കെയും ഒരു ടൈംടേബിൾ മാത്രമാണ്. അതൊന്നും പ്രത്യക്ഷ മോക്ഷോപാധികളല്ല.മാനസികമായ സ്വസ്ഥത ലഭിക്കാനൂള്ള മാർഗ്ഗങ്ങളിൽ ചിലതാണ്.മാനസിക സ്ഥിരത ലഭിച്ചതിന് ശേഷമേ വേദാന്തത്തെ പ്പറ്റി ചിന്തിക്കാൻ തന്നെ അർഹതയുള്ളു.
        അപ്പോൾ വേദാന്തി എന്ന് പറയുന്നത് ബ്രഹ്മസാക്ഷാത്കാരം നേടിയവനേയും നേടാൻ ശ്രമിക്കുന്നവനേയും അതിന് താൽപ്പര്യം കാണിക്കുന്നവനേയുമാണ്. അവരെ സംബന്ധിച്ച് മതം വർഗ്ഗീയത.എന്നീ ചിന്താധാരകൾ ഒന്നും ഉണ്ടായിരിക്കില്ല. കാരണം അവന്റെ ജ്ഞാനം സർവ്വ ചരാചരങ്ങളിലും കുടി കൊള്ളുന്നത് ബ്രഹ്മം തന്നെയാണ് എന്നാണ്. നമുക്കൊക്കെ ആ അവസ്ഥയിൽ എത്തണമെങ്കിൽ ജന്മങ്ങൾ ഇനിയും നിരവധി കഴിയേണ്ടതുണ്ട്. കാരണം ജന്മാന്തരങ്ങളിലൂടെ ഉള്ള അനുഭവമാണ് വാസനയായി നമ്മോടൊപ്പം ജനിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ