2016, നവംബർ 27, ഞായറാഴ്‌ച

പിന്നിലേക്ക് തിരിഞ്ഞ് നടക്കുന്നവർ

കാലം കഴിയുന്തോറും മുന്നിലേക്കാണ് നോക്കേണ്ടത്.എന്നാൽ ചിരുടെ വാക്കുകളും പ്രവൃത്തികളും കാണുമ്പോൾ അവർ പിന്നിലേക്കാണ് നടക്കുന്നത് . കാലഹരണപ്പെട്ടു പോയ പഴയ സംഭവങ്ങൾ ഇപ്പോളും ചികഞ്ഞ് കൊണ്ടിരിക്കുന്നു.ജാതീയത കൊടി കുത്തി വാണിരുന്ന ഒരു ഇരുണ്ട കാലഘട്ടം ഹൈന്ദവരിൽ ഉണ്ടായിരുന്നു.അത് നിർമ്മാർജ്ജനം ചെയ്യാൻ നിയോഗിക്കപ്പെട്ടവർ ആവിർഭവിക്കുകയും അത് ഭൂരിഭാഗവും ഇല്ലായ്മ ചെയ്യുകയും ചെയ്തിട്ടുണ്ട്.ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കാലഹരണപ്പെട്ട സിദ്ധാന്തം ഇന്നും ചില രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നും ഉണ്ട് എന്ന് നിഷേധിക്കുന്നില്ല.ജാതി വെറി കാണിച്ചിരുന്ന തലമുറ ഇന്നില്ല പക്ഷേ വീണ്ടും അത് കുത്തിപ്പൊക്കി നടന്ന് ഹൈന്ദവ ഏകീകരണത്തിന് തടസ്സമായി നിൽക്കുന്നത് ആത്മഹത്യാപരമാണ് എന്ന് പറയേണ്ടതില്ല.

വരും കാലഘട്ടങ്ങളിൽ എങ്ങിനെയാണ് നാം മുന്നോട്ട് പോകേണ്ടത് എന്നാണ് നാം ഇപ്പോൾ ചിന്തിക്കേണ്ടത്.മനുഷ്യൻ എന്ന സമസ്യയിലേക്ക് നാം എത്തണം.ഇവിടെ രണ്ടു ജാതിയേ ഉള്ളൂ!ആൺ ജാതി പെൺജാതി അത് സർവ്വ ചരാചരങ്ങളിലും ഉള്ള പ്രകൃതി നിയമമാണ് അതല്ലാതെ ജാതി തിരിച്ചിട്ടില്ല അത് പണ്ടും ഇല്ല.പക്ഷേ സ്വാർത്ഥമതികൾ തൊഴിലിനെ ആസ്പദമാക്കി ഭഗവാൻ പറഞ്ഞ ചാതുർവർണ്യത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് പ്രവർത്തിച്ചു എന്നതാണ് കാലം ചെന്നപ്പോൾ ഈ അസത്യം ജനം തിരിച്ചറിഞ്ഞു.പക്ഷെ ഇപ്പോളും ചിലർ അതിൽ നിന്നും പിടി വിട്ടിട്ടില്ല .അതെ അവർ പിന്നിലേക്ക് നോക്കി നടന്നു കൊണ്ടിരിക്കുന്നു.

മുന്നിലേക്ക് നോക്കി വരും തലമുറയെ വസുധൈവ കുടുംബകം എന്ന മഹാവാക്യത്തിന്റെ പൊരുൾ പറഞ്ഞ് കൊടുത്ത് വളർത്തിയില്ലെങ്കിൽ,വീണ്ടും കഴിഞ്ഞ് പോയ ഇരുണ്ട കാലഘട്ടം ഓർമ്മിച്ച് കൊണ്ടിരുന്നാൽ നാം വലിയ വില നൽകേണ്ടിവരും.പിന്നെ ദുഃഖിച്ചിട്ടു കാര്യമില്ല കാരണം ഇത് ആധി ആത്മികമായ ദുഃഖമാണ്.ഇതിന്റെ നിയന്ത്രണം നമ്മളിൽ തന്നെയാണ്.ഹൈന്ദവ സമൂഹത്തിന് ഒരു തളർച്ച പറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ പരിപൂർണ്ണ ഉത്തരവാദിത്വവും നമുക്ക് തന്നെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ