2016, നവംബർ 4, വെള്ളിയാഴ്‌ച

എല്ലാവരും ഓർത്തിരിക്കേണ്ടവ

ഒരാൾ മദ്യപാനിയാകുന്നത് ഒരു ദിവസം മദ്യപിച്ചത് കൊണ്ടല്ല.തുടർച്ചയായി മദ്യപിക്കുകയും അളവ് കൃട്ടി കഴിക്കുകയും ചെയ്ത് കൊണ്ടിരുന്നാൽ ഒരു വർഷം കൊണ്ട് അയാൾ ഒരു ദിവസം ഒരൂ ഫുൾ ബോട്ടിൽ മദ്യം കഴിക്കുന്നവനാകുന്നു. എന്നാൽ ഇത് നിർത്തണമെങ്കിലും ഒരു ദിവസം പെട്ടെന്ന് സാദ്ധ്യമല്ല. കുറച്ച് കുറച്ച് കൊണ്ടുവരണം.ചില യന്ത്രങ്ങൾ ഓഫ് ചെയ്താൽ അത് നിൽക്കണമെങ്കിൽ ഒരു മാസം പിടിക്കും .വീണ്ടും ഓൺ ചെയ്യണമെങ്കിലും ഇതേ അവസ്ഥയാണ്.അതിനാൽ അത്തരത്തിലുള്ള യന്ത്രങ്ങൾ ഓഫ് ചെയ്യാറില്ല. നമ്മുടെ സമൂഹത്തിൽ വേരോടിയിരിക്കുന്ന ജാതി മത സ്പർദ്ധകൾ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. പലവിധസാഹചര്യങ്ങളിൽ കൂടി ഇന്നത്തെ അവസ്ഥ പ്രാപിച്ചതാണ്. അപ്പോൾ അതില്ലായ്മ ചെയ്യണമെങ്കിലും കാലതാമസം പിടിക്കും. നിരവധി കാലത്തെ നിരവധി പേരുടെ പ്രവർത്തനം അതിന് ആവശ്യമാണ്.

ഹൈന്ദവരുടെ ഇടയിൽ ഉണ്ടായിരുന്ന ജാതീയ മനോഭാവം ഇന്ന് പലരുടേയും പ്രവർത്തനഫലമായി വളരെയധികം കുറഞ്ഞിട്ടുണ്ട് എന്ന കാര്യം മറന്നു കൂടാ! കഴിഞ്ഞത് കഴിഞ്ഞു .ഇനി വരാൻ പോകുന്ന ഭാവി കാര്യങ്ങളിലേക്കാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്.കഴിഞ്ഞതിനെ കുത്തി എടുത്ത് വീണ്ടും പോസ്റ്റ് മോർട്ടം നടത്തുന്നത്. പലതിനും വിഘാതമാണ്. കഴിഞ്ഞത് അതെന്തായാലും ആരായാലും ഇനി തിരുത്താൻ കഴിയില്ല. വരാൻ പോകുന്ന കാര്യമേ നമ്മുടെ നിയന്ത്രണത്തിൽ ഉള്ളൂ. എറിഞ്ഞു കഴിഞ്ഞ കല്ലിന്റെ നിയന്ത്രണം എറിയുന്നവന്റെ കയ്യിൽ നിന്നും നഷ്ടമായി. ഇനി എറിയാനുള്ള കല്ലിന്റെ നിയന്ത്രണമേ അവന്റെ കയ്യിലുള്ളു. അത് ശ്രദ്ധയോടെ എറിയുന്നതിലാണ് മിടുക്ക് കാണിക്കേണ്ടത്.

അതിന് ആദ്യം വേണ്ടത് ഓരോരുത്തർക്കും പറയാനുള്ളത് സമൂഹത്തിന്റെ മുന്നിൽ നിരത്തി വെക്കുകയാണ്.ഓരോ മത വിഭാഗത്തിനും എന്താണ് പ്രശ്നം? എന്താണ് പ്രയാസം? ഇവ വ്യക്തമാക്കാൻ കഴിയണം.കേൾക്കാൻ ഓരോരുത്തരും ക്ഷമ കാണിക്കണം. അല്ലാതെ വിമർശനവും എതിർ വാദവും ഒന്നിനും ഒരു പരിഹാരമല്ല. തെറ്റ് പറ്റിയതിനെ സമ്മതിക്കാനും എല്ലാവരും തയ്യാറാകണം.തെറ്റിനെ ന്യായീകരിക്കാൻ ആര് ശ്രമിച്ചാലും അത് ഒരു ഗുണവും ചെയ്യില്ല എന്ന് മാത്രമല്ല പ്രശ്നം വഷളാകാൻ അത് കാരണമായിത്തീരുകയും ചെയ്യും.

ഇത്രയും ഞാൻ പറഞ്ഞത് ഒരു ദിവസം കൊണ്ട് സമാധാനം കൊണ്ടുവരാൻ കഴിയും എന്ന് ഉദ്ദേശിച്ചല്ല. ആദ്യമായി ഒരാൾ തെറ്റ് ചെയ്താൽ അയാളെ ആജീവനാന്ത ശത്രുവായി കാണാതെ പ്രസ്തുത വിഷയത്തെ ആസ്പദമാക്കിയുള്ള വിമർശനം ആയിരിക്കണം.കൃസ്തു വചനം ഇവിടെ പ്രസക്തമാണ്   പാപിയെ അല്ല വെറുക്കേണ്ടത്, പാപത്തെയാണ്   എന്ന്.

വർഗ്ഗീയ വാദങ്ങൾ നിരത്തുന്നവർ ഹൈന്ദവരിലും മുസൽമാന്മാരിലും,കൃസ്ത്യൻ വിഭാഗത്തിലും ഉണ്ട്. അവരെ തള്ളിപ്പറയാൻ മത നേതൃത്വവും രാഷ്ട്രീയ നേതൃത്ത്വവും തയ്യാറാകണം. അതില്ലാതെ ന്യായീകരണവുമായി നേതൃത്വങ്ങൾ വരുമ്പോളാണ് പ്രശ്ങ്ങൾ രൂക്ഷമാകുന്നത്.ഹൈന്ദവരിലെ വർഗ്ഗീയ മനോഭാവത്തിനെ അതി ശക്തമായി ഞാൻ പലപ്പോഴും എതിർത്തിട്ടുണ്ട്. അതു പോലെ മറ്റുള്ളവരുടേതും. പക്ഷേ ഞാനല്ല അത് ചെയ്യേണ്ടത്. അതിന് അർഹതയുള്ള പണ്ഡിതന്മാർ വേറേയും ഉണ്ട്.ഞാൻ എന്റെ ധർമ്മം ചെയ്യുന്നു എന്ന് മാത്രം (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ