2017, മാർച്ച് 14, ചൊവ്വാഴ്ച

പരശുരാമഗർവ്വ ഭംഗമോ?????

പരശുരാമ ഗർവ്വ ഭംഗം എന്ന് തലക്കെട്ട് കാണാം .സത്യത്തിൽ പരശുരാമന് ഗർവ്വ് ഉണ്ടായിരുന്നോ? തീർച്ചയായും ഇല്ല. മഹാവിഷ്ണുവിനെ തപസ്സ് ചെയ്ത രാമന് വിഷ്ണു തന്റെ ശക്തി പ്രദാനം ചെയ്യുകയാണ് ചെയ്തത്. കൈലാസത്ത് ചെന്ന് പരമശിവന്റെ ശിഷ്യത്വം സ്വീകരിച്ച് പരശു എന്ന വെൺമഴു നേടുവാനും തുടർന്ന് ദുഷ്ടരായ ക്ഷത്രിയ വംശത്തെ ഉൻമൂലനം ചെയ്യുവാനും ശ്രീരാമാവതാരകാലത്ത് തന്ന വൈഷ്ണവചൈതന്യം ശ്രീരാമന് നൽകാനും ആണ് മഹാവിഷ്ണു ആവശ്യപ്പെട്ടത്. ശ്രീരാമനെ എങ്ങിനെ തിരിച്ചറിയും ? എന്ന രാമന്റെ ചോദ്യത്തിന് ഉത്തരമായി മഹാവിഷ്ണു വൈഷ്ണവചാപം നൽകി. ഇത് കുലയ്ക്കുന്നവൻ ആരോ അവൻ തന്നെ ശ്രീരാമൻ എന്ന് പറയുകയും ചെയ്തൂ.

സീതാസ്വയം വര സംഭവം അറിഞ്ഞ പരശുരാമന് ദശരഥപുത്രനായ ശ്രീരാമൻ തന്നെയാണ് മഹാവിഷ്ണു എന്ന് അറിയാഞ്ഞിട്ടല്ല. എങ്കിലും ഉറപ്പ് വരുത്തണമല്ലോ ! അതിനായി കൃത്രിമമായ കോപം അഭിനയിച്ച് ശ്രീരാമനെ വഴിയിൽ തടയുകയായിരുന്നു. തന്റെ ഗുരുവായ പരമശിവന്റെ വില്ല് ആയ ത്രയംബകം ഒടിച്ചതിലുള്ള ദേഷ്യമാണ് പരശുരാമനെ ശ്രീരാമഗതി തടയാൻ പ്രേരിപ്പിച്ചത് എന്നൊക്കെ ചിലർ വ്യാഖ്യാനിക്കുന്നത് കാണാം. അതിൽ യാതൊരു വാസ്തവവും ഇല്ല. മഹാവിഷ്ണു തന്നെയാണോ ശ്രീരാമൻഎന്ന് ഉറപ്പ് വരുത്തുക മാത്രമാണ് പരശുരാമൻ ചെയ്തത്. തുടർന്ന് ശ്രീരാമനെ പരശുരാമൻ സ്തുതിക്കുന്നും ഉണ്ട് അദ്ധ്യാത്മ രാമായണത്തിൽ! അതായത് പരശുരാമന് ഗർവ്വോ അഹംകാരമോ ഇല്ലായിരുന്നു എന്ന് സാരം. തന്റെ തേജസ്സ് ശ്രീരാമന് നൽകിയപ്പോൾ കുലച്ച വൈഷ്ണവ ചാപം പരശുരാമന് തന്നെ തിരികെ നൽകി. ഈ ചാപം ദ്വാപരയുഗത്തിൽ കംസൻ ദ്വന്ദ യുദ്ധത്തിന് വരുമ്പോൾ ഇത് കുലയ്ക്കുകയാണെങ്കിൽ നീ എന്നെ പരാജയപ്പെടുത്തിയതായി കരുതാം എന്ന് പറയണം എന്നും പറഞ്ഞു. കാരണം കംസനും പരശുരാമനും യുദ്ധമുണ്ടായാൽ അത് കംസന്റെ മരണത്തിൽ ആയിരിക്കും കലാശിക്കൂുക. അത് പാടില്ല കാരണം കംസന്റെ അന്തകനാകാനുള്ള നിയോഗം ശ്രീകൃഷ്ണനാണ്. അതിനാലാണ് ഇങ്ങിനെ ഒരു നിർദ്ദേശം ശ്രീരാമൻ വെച്ചത്. ദ്വാപരയുഗത്തിൽ കംസൻ യുദ്ധത്തിന് പരശുരാമനെ ക്ഷണിക്കുകയും. പരശുരാമൻ ഈ വില്ല് കുലച്ചാൽ നീ എന്നെ പരാജയപ്പെടുത്തിയതായി കരുതാം എന്നും പറഞ്ഞു. കംസൻ നിഷ്പ്രയാസം വില്ലു കുലച്ചു. അപ്പോൾ പരശുരാമൻ പറഞ്ഞു. നീ ഇത് മഥുരയിൽ കൊണ്ട് വെച്ചു പൂജിക്കുക. എന്നെങ്കിലും ആരെങ്കിലും ഈ വില്ല് ഇനി കുലയ്ക്കുകയാണെങ്കിൽ അവൻ നിന്നെ വധിക്കുന്നതായിരിക്കും. കംസൻ ചിീന്തിച്ചു. ഇതിന് മുമ്പ് ശ്രീരാമൻ മാത്രമാണ് ഇത് കുലച്ചിട്ടുള്ളത്. ഇനി ഇതാരും കുലയ്ക്കാൻ പോകുന്നില്ല. വില്ല് മഥുരയിൽ രഹസ്യമായി സൂക്ഷിച്ചു. പിന്നീട് അപ്രതീക്ഷിതമായി മഥുരയിൽ വില്ല് വെച്ചിരുന്ന സ്ഥലത്തെത്തി ശ്രീകൃഷ്ണൻ അത് കുലയ്ക്കുകയും മുറിക്കുകയും ചെയ്തു. പിറ്റെ ദിവസം തന്നെ കംസവധവും നടന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ