2017, മാർച്ച് 3, വെള്ളിയാഴ്‌ച

ഞാൻ എന്ന പ്രയോഗം രണ്ടർത്ഥത്തിലും

ഭഗവദ് ഗീതയിൽ ഭഗവാൻ ഞാൻ എന്ന് പറയുന്നത് പരമാത്മാവിനെ ഉദ്ദേശിച്ചാണ്. ഇവിടെ അമ്പാടിയിൽ ഓടിക്കളിച്ച വൃന്ദാവനത്തിൽ ഗോപികമാരോടൊത്ത് കേളിയാടിയ കൃഷ്ണനല്ല ഗീതാകാരനായ കൃഷ്ണൻ - സന്ദീപാനന്ദ ഗിരി അടക്കം പല സ്വാമിമാരും മററു പ്രഭാഷകരും തട്ടിവിടുന്നത് കേട്ടിട്ടുണ്ട്. എന്തിനാണ് ഇങ്ങിനെയൊരു പ്രഖ്യാപനം ? അത് സത്യവിരുദ്ധമാണെന്ന് സമർത്ഥിച്ചാലോ?

ഒമ്പതാം അദ്ധ്യായം പതിനൊന്നാം ശ്ലോകം ശ്രദ്ധിക്കുക

അവജാനന്തി മാം മൂഢ മാനുഷിം തനുമാശ്രിതം
പരം ഭാവമജാനന്തോ മമ ഭൂത മഹേശ്വരം
          അർത്ഥം
സമസ്ത ഭൂതങ്ങളുടെയും മഹേശ്വരനായ എന്റെ പരമസ്വരൂപത്തെ അറിയാത്ത മൂഢന്മാർ മനുഷ്യ ശരീര ധാരിയായ എന്നെ നരദേഹി എന്ന് മാത്രം ധരിച്ച് അപമാനിക്കുന്നു.

ഇവിടെ എന്റെ എന്നും എന്നെ എന്നും പറയുന്നത് ശ്രീകൃഷ്ണ ശരീരത്തെ ഉദ്ദേശിച്ചല്ലേ? പരമാത്മാവിന് ശരീരം ഇല്ലല്ലോ! നരദേഹി എന്ന് പറഞ്ഞ് അപമാനിക്കണമെങ്കിൽ അങ്ങിനെ ഒരു ശരീരം വേണമല്ലോ! ഇത് എങ്ങിനെ ചിന്തിച്ചാലും വ്യാസന്റെ ഭാവന അല്ലെങ്കിൽ സങ്കല്പം ആയി കാണാൻ കഴിയില്ല. ഗീത അർജ്ജുനൻ കൃഷ്ണൻ എന്നീ കഥാപാത്രങ്ങളിലൂടെയുള്ള നാടകീയ അവതരണമാണെങ്കിൽ മേൽ പറഞ്ഞ ശ്ലോകത്തിന്റെ ആവശ്യമെന്ത്?  അപ്പോൾ കൃഷ്ണന്റെ ചരിത്രപരമായ അസ്ഥിത്വത്തെ കുറിക്കുന്ന ഈ ശ്ലോകം എന്താ എല്ലാവരും കണ്ടില്ലെന്ന് നടിക്കുന്നത്?  ഇനി പതിനൊന്നാം അദ്ധ്യായത്തിൽ ഏഴാം ശ്ലോകം ശ്രദ്ധിക്കുക

ഇ ഹൈക സ്ഥം ജഗത് കൃത്സ്നം പശ്യാദ്യ സച രാചരം
മമ ദേഹേ ഗൂഡാകേശ യച്ചാന്യ ദ് ദ്രഷ്ടുടുമിച്ഛ സി

  :: അർത്ഥം
ഹേ അർജ്ജു നാ! ചരാചരാത്മകമായ മുഴുവൻ ജഗത്തും മറ്റു വല്ലതും കാണാൻ നീ കൊതിക്കുന്നുവെങ്കിൽ അതു മെല്ലാം എന്റെ ദേഹത്തിൽ ഇവിടെ ഇപ്പോൾ ഒന്നിച്ച് സ്ഥിതി ചെയ്യുന്നതായി കണ്ടു കൊൾക

     ''..  ഇവിടെ എന്റെ ദേഹത്തിൽ എന്ന് പറയുമ്പോൾ എന്റെ എന്ന പ്രയോഗം പരമാത്മാവ് എന്ന അർത്ഥമാണെങ്കിലും ശരീരത്തോട് കൂടിയ ഞാൻ പരമാത്മാവ് തന്നെയാണ് എന്ന് ഉറപ്പാണല്ലോ! അപ്പോഴും ശ്രീകൃഷ്ണൻ എന്ന ശരീര ധാരിയായ വ്യക്തി ഉണ്ടായിരുന്നു എന്ന് വ്യക്തമാണല്ലോ!

അപ്പോൾ ഞാൻ എന്റെ എന്നെ എന്നീ പ്രയോഗങ്ങൾ പരമാത്മാവ് എന്ന അർത്ഥത്തിലാണെങ്കിലും ആ പരമാത്മാവ് രൂപമെടുത്തതാണ് കൃഷ്ണൻ എന്ന അർത്ഥ മാ ണ് വരുന്നത്. അപ്പോൾ കൃഷ്ണൻ എന്ന ശരീരത്തോട് കൂടിയ കഥാപാത്രം ഇല്ല എന്ന് പറയുന്നത് ശരിയാണോ?   ചിന്തിക്കുക. .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ