2017, മാർച്ച് 24, വെള്ളിയാഴ്‌ച

സനാതന ധർമ്മ പാഠം - ആമുഖം - തുടർച്ച

ഇന്ദ്രിയനിഗ്രഹം

ആദ്ധ്യാത്മിക രംഗത്ത് ഏവരും പറയുന്ന വാക്കാണ് ഇന്ദ്രിയ നിഗ്രഹം വേണം എന്നത് .. അനാവശ്യമായ ഒന്നും ഈ പ്രപഞ്ചത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടില്ല. മാത്രമല്ല ഇന്ദ്രിയങ്ങൾ ഇല്ലാതെ ഒരാൾക്ക് ജീവിക്കാനും പറ്റില്ല. അങ്ങിനെയിരിക്കെ ഇന്ദ്രിയ നിഗ്രഹം എന്നതിന്റെ അർത്ഥം എന്താണ്? ഇന്ദ്രിയങ്ങളെ ആണോ നിഗ്രഹിക്കേണ്ടത്? ചിന്തിക്കേണ്ട വിഷയമാണിത്. കഠോപനിഷത്ത് പ്രകാരം ഞാൻ എന്ന ആത്മാവിന്റെ വാഹനമായ ശരീരമെന്ന രഥത്തിന്റെ കുതിരകളാണ്. അപ്പോൾ കുതിര കളെ നിഗ്രഹിച്ചാൽ എന്റെ ശരീരമായ രഥം എങ്ങിനെ സഞ്ചരിക്കും?

ഇന്ദിയങ്ങൾ രണ്ടു തരത്തിലാണ് ഒന്ന് ജ്ഞാനേന്ദ്രിയങ്ങൾ രണ്ട് കർമ്മേന്ദ്രിയങ്ങൾ. അന്ത: കരണത്തിന്റെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുക എന്നതാണ് കർമ്മേനിയങ്ങളുടെ ധർമ്മം. അപ്പോൾ അവയെ എന്തിന് നിയന്ത്രിക്കണം? അല്ലെങ്കിലെ അത് അന്ത: കരണത്തിന്റെ നിയന്ത്രണത്തിലാണ്. പിന്നെ ജ്ഞാനേന്ദ്രിയങ്ങൾ ആണെങ്കിൽ വിഷയങ്ങളെ പിടിച്ചെടുത്ത് അന്ത: കരണത്തിന് സമർപ്പിക്കുക എന്നതാണ് അവരുടെ ധർമ്മം.

അപ്പോൾ നിയന്ത്രണം ആവശ്യം അന്ത: കരണത്തിലാണ്. മനസ്സും ബുദ്ധിയും ചിത്തവും അഹങ്കാരവും ചേർന്നതാണ് അന്ത: കരണം. ഇന്ദ്രിയങ്ങൾ പിടിച്ചെടുത്ത വിഷയങ്ങളെ അന്ത: കരണത്തിലേക്ക് സമർപ്പിക്കുമ്പോൾ മനസ്സാണ് അത് ആദ്യം സ്വീകരിക്കുന്നത് തുടർന്ന് സങ്കൽപ്പങ്ങളും സ്വപ്നങ്ങളും നെയ്യുകയായി. അപ്പോൾ ബുദ്ധി അവയെ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുന്നു. ആ തീരുമാനം ലഭിച്ചാൽ കർമ്മേന്ദ്രിയങ്ങൾ അവ നടപ്പിലാക്കുന്നു. അപ്പോൾ നിയന്ത്രണം വേണ്ടത് മനസ്സിനാണ്  ആര് നിയന്ത്രിക്കണം? ബുദ്ധി നിയന്ത്രിക്കണം. ബുദ്ധി എങ്ങിനെ നിയന്ത്രിക്കണം? ജ്ഞാനത്താൽ നിയന്ത്രിക്കണം. ചുരുക്കിപ്പറഞ്ഞാൽ മനോനിയന്ത്രണം ആണ് ആവശ്യം. അതായത് തീരുമാനം എടുക്കുന്നത് ബുദ്ധിയാണ്. അതിന് പകരം മനസ്സ് തീരുമാനമെടുക്കുന്നതിനെ തടയണം അഥവാ നിയന്ത്രിക്കണം എന്നർത്ഥം. അല്ലാതെ സ്വയം തീരുമാനമെടുക്കാൻ കഴിയാത്ത ഇന്ദ്രിയങ്ങളുടെ നേരെ നിഗ്രഹത്തിന് പുറപ്പെടരുത് എന്ന് സാരം. അങ്ങിനെ പുറപ്പെട്ടാൽ അത് അപകടത്തിലേ അവസാനിക്കു_ - ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ