2017, ഏപ്രിൽ 5, ബുധനാഴ്‌ച

ധൂർത്തും കച്ചവടവും!!!

ക്ഷേത്രത്തിൽ ഉത്സവ ആഘോഷവേളകളിലും,സപ്താഹവേളകളിലെ രുഗ്മിണീസ്വയംവര ആഘോഷങ്ങളും ഒക്കെ നടക്കുമ്പോൾ പല പണ്ഡിതന്മാരും പറയുന്ന വാക്കുകളാണ്.ക്ഷേത്രങ്ങളിലെ ധൂർത്തും കച്ചവടവും അവസാനിപ്പിക്കണം എന്ന്. എന്താണ് ധൂർത്ത്? എന്താണ് കച്ചവടം?

വരുമാനമൊന്നും ഇല്ലാതെ ഉള്ള പണം വാരിക്കോരി ചിലവഴിക്കുമ്പോളേ ധൂർത്ത് എന്ന് പറയാനാകു! അങ്ങിനെ വരുമ്പോൾ എന്നും ഇത്തരം കാര്യങ്ങൾ നടത്താൻ പറ്റില്ലല്ലോ! എന്നാൽ എല്ലാ വർഷവും നടത്തുന്നു വെങ്കിൽ പണം അവിടെ കിട്ടുന്നു എന്ന് സ്പഷ്ടമല്ലേ? ചിലവാക്കിയതിനേക്കാൾ കൂടുതൽ പണം ക്ഷേത്രത്തിൽ വരവുണ്ടെങ്കിൽ അതെങ്ങിനെ ധൂർത്ത് ആകും? അങ്ങിനെ അധികം കിട്ടുന്ന പണം കൊണ്ട് ക്ഷേത്രത്തിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നുണ്ടല്ലോ? ഇവിടെ എവിടെയാണ് കുറ്റം പറയാനുള്ളത്? പിന്നെ കച്ചവടം അത് മോശമായ സംഗതിയാണോ? എണ്ണ ,ശർക്കര ,പഞ്ചസാര ,ചന്ദനത്തിരി മുതലായ സാധനം വാങ്ങുന്നത് കച്ചവടമല്ലേ? അതില്ലാതെ ക്ഷേത്രത്തിലെ ദൈനം ദിന കാര്യങ്ങൾ നടക്കുമോ? വലിയ തുകയ്ക്കുള്ള വഴിപാടാണെങ്കിൽ അതിന് താൽപ്പര്യവൂം സമ്മതവും ഉള്ളവരല്ലേ അത് ചെയ്യുന്നുള്ളു?

ഇവിടെ വിശ്വാസത്തെ ചൂഷണം ചെയ്യുകയാണ് എന്നാണ് മറ്റൊരു പരാതി! ഒരാൾക്ക് വിശ്വാസമുണ്ടെങ്കിലേ ഓരോന്ന് ചെയ്യൂ! ഇല്ലെങ്കിൽ ആരും ചെയ്യില്ല. അവരും ബുദ്ധിയുള്ളവരാണ്. ചിലർ ക്ഷേത്രത്തിന് വേണ്ടിയല്ലേ എന്ന് ചിന്തിച്ച് പണം മുടക്കുന്നു! ഇതെങ്ങിനെ ചൂഷണമാകും? ആഘോഷങ്ങൾ എത്ര ഗംഭീരമാകുന്നുവോ ? അതിനനുസരിച്ച് തിരക്ക് വർദ്ധിക്കും ക്ഷേത്രത്തിലേക്ക് വരുമാനവും ഉണ്ടാകും.ഇതിലൊക്കെ എവിടെയാണ് പാകപ്പിഴകൾ?

ക്ഷേത്രങ്ങൾ വെറും ആരാധനാലയങ്ങളല്ല. ഒരു സാംസ്കാരിക കേന്ദ്രം കൂടിയാണ്. അപ്പോൾ അതിനനുസരിച്ചുള്ള കാര്യങ്ങൾ അവിടെ ഉണ്ടാകും.ഉണ്ടാവണം. സാംസ്കാരികമായ ഒരു സമൂഹത്തിന്റെ പ്രതിധ്വനിയാണ് ക്ഷേത്രത്തിന്റെ പ്രൗഢി കാണിക്കുന്നത്.കുറ്റം പറയാൻ എളുപ്പമാണ്.ഗുണങ്ങൾ ഒന്നും കാണാതെയുള്ള ഇത്തരം ആരോപണങ്ങളേ നിരാകരിക്കുകയാണ് നാം ചെയ്യേണ്ടത്! വേറെ നല്ല കാര്യം ചെയ്തു കൂടേ? എന്ന് ചിലർ ചോദിക്കുന്നത് കേൾക്കാം. ഏത് നല്ല കാര്യങ്ങൾക്കാണ് സംഘടനയോ പണപ്പിരിവോ ഇല്ലാത്തത്? വേറെ നല്ലകാര്യം എന്നു പറയുമ്പോൾ ക്ഷേത്രകാര്യങ്ങൾ മോശമാണ് എന്നല്ലേ അതിനർത്ഥം? ഇതാണ് കുരുട്ടു ബുദ്ധി. ക്ഷേത്രത്തിലെ ആചാരങ്ങളും ആഘോഷങ്ങളും പ്രൗഢിയോടെ നടക്കട്ടെ! സമൂഹത്തിൽ ഏത് ദോഷമാണ് വരാൻ പോകുന്നത് എന്നൊന്ന് കാണാലോ!  ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ