2017, ഫെബ്രുവരി 21, ചൊവ്വാഴ്ച

നാരായണീയം ദശകം  29 ശ്ലോകം  9 തിയ്യതി--21/2/2017

ആരാമസീമനി ച കന്ദുകഘാതലീലാ-
ലോലായമാനനയനാം കമനീം മനോജ്ഞാം
ത്വാമേഷ വീക്ഷ്യ വിഗളദ്വസനാം മനോഭൂ-
വേഗാദനംഗരിപുരംഗ!സമാലിലിംഗ.
            അർത്ഥം
അപ്പോൾ ആരാമ പ്രദേശത്താകട്ടെ ,പന്തടിക്കളിയിൽ പന്തിനെലനോക്കി കണ്ണെറിയുന്നവളും ,അതി മനോഹരിയുമായ ഒരു കാമിനീ മണിയായിട്ട് അങ്ങയെ ഈ ശിവൻ കാണുകയും കാമാന്തകനാണെങ്കിലും അദ്ദേഹം അങ്ങയെ കാമപാരവശ്യത്താൽ പിടിച്ച് നന്നായൊന്ന് പുണരുകയും ചെയ്തു!
10
ഭൂയോ/പി വിദ്രുതവതീമുപാധാവ്യ ദേവോ
വീര്യപ്രമോക്ഷ വികസത്പരമാർത്ഥബോധഃ
ത്വന്മാനിതസ്തവ മഹത്ത്വമുവാച ദേവ്യൈ
തത്താദൃശസ്ത്വമവ വാതനികേതനാഥ!
           അർത്ഥം
പിന്നേയും ആലിംഗനത്തിൽ നിന്ന് കുതറി ഓടിക്കളഞ്ഞ മോഹിനിയെ ശിവൻ ഒപ്പം അനുധാവനം ചെയ്തിട്ട് വീര്യം സ്കലിക്കയാൽ തത്ത്വജ്ഞാനം നന്നായി ത്തെളിഞ്ഞ് അങ്ങയാൽ ബഹുമാനിക്കപ്പെട്ടവനുമായിട്ട് അങ്ങയുടെ മാഹാത്മ്യത്തെ പാർവ്വതീ ദേവിക്ക് മനസ്സിലാക്കുവാനായി പറഞ്ഞു കൊടുത്തു.ഗുരുവായൂരപ്പാ! അനന്യ സദൃശനായ അവിടുന് കാത്ത രുളു മാറാകേണമേ!
          വിശദീകരണം
ഇവിടെ മോഹിനിയും പരമശിവനും സംഗമിച്ചതായി പറയുന്നില്ല പരമശിവന് ആ സൗന്ദര്യ ധാമത്തെ കണ്ടപ്പോൾ വീര്യം സ്കലിച്ചു എന്നു മാത്രമേ പറയുന്നുള്ളു. അതായത് പരമശിവന് ഒരു സൃഷ്ടി നടത്താൻ സംയോഗം വേണമെന്നില്ല  ഇവിടെ വൈഷ്ണവമായയെ കണ്ട ഉടനെ ഉണ്ടായ വീര്യ സ്കലനം ശാസ്താവായിരുന്നു എന്ന് വേറെ ഗ്രന്ഥങ്ങളിൽ കാണുന്നു. മനുഷ്യർക്കാണ് സംയോഗവും തുടർന്ന് പത്തു മാസം ഗർഭം ചുമക്കുകയും പിന്നെ പ്രസവിക്കുകയും ചെയ്യേണ്ടത്. എന്നാൽ ദേവന്മാർക്ക് നമ്മുടെ പത്തു മാസം നിമിഷങ്ങളാണ്. അപ്പോൾ മാനസിക സംയോഗം കൊണ്ടു തന്നെ നിമിഷങ്ങൾക്കുള്ളിൽ സൃഷ്ടി നടന്നു. പക്ഷെ ആ വിവരം ഭട്ടതിരിപ്പാട് രേഖപ്പെടുത്തിയിട്ടില്ല.

ഇരുപത്തി ഒമ്പതാം ദശകം ഇവിടെ പൂർണ്ണ മാകുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ