2017, ഫെബ്രുവരി 10, വെള്ളിയാഴ്‌ച

ദൈവങ്ങളോ???

എല്ലാവരും പാണ്ഡിത പാമര ഭേദമെന്യേ പറയുന്ന ഒന്നാണ് ദൈവങ്ങൾ എന്ന്! ഈ ബഹു വചന പ്രയോഗം എവിടെ നിന്നാണ് കിട്ടിയത്? എല്ലാ മൂർത്തി കളേയും ആരാധനാ വിഗ്രഹങ്ങളേയും ദൈവങ്ങളാക്കി മനസ്സിലാക്കിയത് ആരുടെ കുറ്റമാണ്? ശാസ്ത്രം എന്നാൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത് എന്ന അർത്ഥമാണ്. ശാസ്ത്രം ഒന്നേയുള്ളൂ. പക്ഷെ ജീവ ശാസ്ത്രം സസ്യ ശാസ്ത്രം രസതന്ത്രം ഊർജ്ജതന്ത്രം എന്നിങ്ങനെ വിഷയാടിസ്ഥാനത്തിൽ വിഭജിച്ചു എന്ന് കരുതി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത് എന്ന അർത്ഥം മാറ്റുന്നില്ല.

സർക്കാറിലേക്ക് അപേക്ഷ സമർപ്പിക്കണം. സർക്കാർ അനുമതി നൽകണം - ഇവിടെ സർക്കാറിനെ അന്വേഷിച്ചു പോയാൽ കണ്ടു കിട്ടുമോ? നമ്മുടെ ആവശ്യം എന്താണ്? അതിനനുസരിച്ച് ഏത് വകുപ്പാണ് എന്ന് വെച്ചാൽ ആ വകുപ്പിനെ അല്ലേ സമീപിക്കുക? അപ്പോൾ വിവിധ വകുപ്പുകളുടെ സംയോജിച്ച പ്രവർത്തനത്തിനെ ഗവർമെന്റ് എന്ന് പറയുന്നു. ഇടതുപക്ഷ സർക്കാർ ആണ് ഇപ്പോൾ ഭരിക്കുന്നത് എന്നല്ലേ പറയുക? ഇടതുപക്ഷ സർക്കാറുകൾ ആണ് കേരളം ഭരിക്കുന്നത് എന്നു പറയുമോ?

അതേ പോലെ നമ്മുടെ ആവശ്യം എന്തോ അത് ഫലപ്രദമാകാൻ ഈശ്വരനെ വിഘ്നേശ്വര രൂപത്തിൽ ആരാധിക്കുന്നു. നല്ല വിദ്യ ലഭിക്കണം എന്ന ആഗ്രഹത്താൽ വിദ്യാദേവിയുടെ രൂപത്തിൽ സരസ്വതീ രു പ ത്തിൽ ഈശ്വരനെ ഭജിക്കുന്നു. ആയതിനാൽ ഈശ്വരൻമാർ എന്ന് പറയുന്നതെങ്ങിനെ? എന്റെ ഭാര്യ എന്നെ ഭർത്താവായി കാണുമ്പോൾ മകൾ അച്ഛനായി കാണുന്നു. ഞാൻ ഒന്നല്ലേ ഉള്ളൂ ഇവിടെ ഞാൻ രണ്ടുണ്ട് എന്ന് പറഞ്ഞാൽ എങ്ങിനെ ശരിയാക്കും?

അപ്പോൾ മിക്കവാറും എല്ലാവരും കുറേയൊക്കെ പഠിച്ചിട്ടുണ്ട്. എന്നാൽ ശിശുക്കളെ പോലെയാണ്. അവർ ഒരു വാക്ക് പഠിച്ചാൽ സ്ഥാനത്തും അസ്ഥാനത്തും അത് പ്രയോഗിച്ചുകൊണ്ടിരിക്കും. അപ്പോൾ നമ്മൾ തിരുത്തുകയാണ് പതിവ്. ഇവിടെ തിരുത്തുവാൻ ആളില്ല ഉള്ളവർ പറയുന്നത് കേൾക്കാനും പലരും തയ്യാറല്ല. രാഷ്ട്രീയ മാനദണ്ഡങ്ങളിലൂടെ മാത്രമാണ് ഇപ്പോൾ സനാതന ധർമ്മം വിലയിരുത്തപ്പെടുന്നത്. ആയതിനാൽ ദൈവങ്ങൾ, ഈശ്വരൻമാർ എന്നിങ്ങനെയുള്ള ബഹു വചന പ്രയോഗങ്ങൾ സനാതന ധർമ്മ വ്യവസ്ഥിതിയിലില്ല. തെറ്റായി പറയുമ്പോൾ അതിനുത്തരവാദി പറയുന്നവന്റെ അജ്ഞാനം മാത്രമാണ് അത് ഏത് സ്വാമിമാരായാലും _ ചിന്തിക്കുക. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ