2017, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

നാരായണീയം ദശകം 28 ശ്ലോകം -2 തിയ്യതി 3/2/2017

വിമഥത്സു സുരാസുരേഷു ജാതാ
സുരഭിസ്താമൃഷിഷു ന്യധാസ്ത്രിധാമൻ!
ഹയരത്നമഭൂദഥേഭരത്നം
ദ്യുതരുശ്ചാപ്സരസഃ സുരേഷു താനി.
                  അർത്ഥം
ദേവന്മാരും ,അസുരന്മാരും നല്ലവണ്ണം മഥനം ചെയ്കെ കാമധേനു ഉണ്ടായി. അല്ലയോ സർവ്വവ്യാപിൻ, അവിടുത്തെ കാമധേനുവിനെ മഹർഷിമാരിൽ അർപ്പിച്ചു.അനന്തരം ശ്രേഷ്ഠമായ ഉച്ചൈ ശ്രവസ്സും, ഐരാവതവും കൽപ്പ വൃക്ഷവും പൊന്തി വന്നു. അപ്സര സ്ത്രീകളും ഉണ്ടായി. അവദേവന്മാരിലും അർപ്പിച്ചു
             വിശദീകരണം.
ദുർവാസാവ് മഹർഷി കൊടുത്ത മാല ഐരാവതത്തിന്റെ മസ്തകത്തിൽ വെച്ചപ്പോളല്ലേ ആ ന അതിനെ ചവിട്ടി അരച്ചതും മഹർഷി ദേവന്മാരെ ശപിച്ചതും? പിന്നെ മഥനത്തിൽ ഐരാവതം പൊന്തി വന്നു എന്ന് പറഞ്ഞാൽ എങ്ങിനെ ശരിയാകും? പാലാഴിമഥനത്തിന് മുമ്പ് ഐ രാവതം ഉണ്ടായിരുന്നില്ലേ?  ഇങ്ങിനെ ഒരു സംശയം എല്ലാവർക്കും കാണും. ശാപത്തിന് മുമ്പ് ഉണ്ടായിരുന്നവ മുഴുവനും ശാപത്തിന് ശേഷം ഉചിതമായ സ്ഥലത്തേക്ക് പോയ് മറഞ്ഞു. ദേവന്മാർക്ക് നിത്യയൗവ്വനം നിലനിർത്താൻ സഹായിക്കുന്നവയാണ് കൽപ്പവൃക്ഷവും അമൃതും ആ അമൃത് നേരത്തെ പാലാഴിയിൽ വീണു പോയിട്ടുണ്ട്. ദേവന്മാരെ തോൽപ്പിച്ച് അണികളുടെ ഉദ്ദേശം മാനിച്ച് മഹാബലി ദേവലോകത്ത്‌ നിന്നും അമൃത് ബലമായി പിടിച്ചെടുത്തു. പോകും വഴി മഹാവിഷ്ണുവിനെ ദർശിക്കണം എന്ന മോഹത്താൽ വിമാനം വൈകുണ്ഠത്തിനും  മുകളിലൂടെ പറത്തി. മഹാബലിക്ക് ഭഗവദ്ദർശനം കിട്ടി. എന്നാൽ അഹങ്കാരികളും ധിക്കാരികളുമായ അസുരന്മാർക്ക് വൈകുണ്ഠം കാണാനായില്ല. അവർ ഭഗവാനെ കളിയാക്കി അമൃതകുംഭം കയ്യിലെടുത്ത് അമ്മാനമാട വേ അത് പാലാഴിയിലേക്ക് പതിച്ചു.ഇത് ഭഗവദ് നിശ്ചയമാണെന്ന് കരുതി മഹാബലി ആരേയും വഴക്ക് പറഞ്ഞില്ല. മാത്രമല്ല ധിക്കാരികളായ അസുരന്മാർക്ക് അത് കിട്ടിയാൽ ഭക്തരല്ലാത്ത അവർ ഈ പ്രപഞ്ചം മുടിക്കും' അപ്പോൾ വീണത് നന്നായി എന്ന് ഭക്തനായ മഹാബലിയും കരുതി.  സത്യത്തിൽ അത് അവിടെ നിന്നെടുത്ത് ദേവലോകത്ത് എത്തിക്കുവാൻ കൂടിയാണ് ഭഗവാന്റെ ഇച്ഛ പ്രകാരം ദുർവാസാവ് മഹർഷിയുടെ ആഗമനവും ശാപവും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ