2017, ജനുവരി 27, വെള്ളിയാഴ്‌ച

ക്ഷേത്രോപാസന --ഭാഗം-11

പ്രപഞ്ചം മുഴുവനായി വ്യാപിച്ചു നിൽക്കുന്ന നിഷ്കളമായ ഈശ്വര ചൈതന്യത്തെ ഒരു പ്രദേശത്തിന്റെ നന്മയ്ക്കായി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച ബിംബത്തിലേക്കാവാഹിച്ച് പൂജിക്കുമ്പോൾ അത്യന്തം ശുദ്ധിയും ആദരവും ശ്രദ്ധയും ആവശ്യമാണ്. മനുഷ്യന്റെ ഭാഗത്ത് നിന്ന് അറിഞ്ഞോ അറിയാതെയോ പലതരം അശുദ്ധികളും വീഴ്ച്ചകളും സംഭവിക്കാൻ സാദ്ധ്യതയുണ്ടാകുമല്ലോ! അതിനെല്ലാം പരിഹാരമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ക്രിയകളാണ് പ്രായശ്ചിത്തങ്ങൾ,

ക്ഷേത്രത്തിൽ ഭഗവാന്റെ ചൈതന്യം നിരന്തരം പരിലസിക്കണമെങ്കിൽ ഈ ക്രിയകൾ അത്യാവശ്യമാണ്‌. ഭക്തരുടെ മന:ശുദ്ധിയോട് കൂടിയ ആരാധനയും ശുദ്ധമായ ബാഹ്യ സാഹചര്യങ്ങളും ഉണ്ടങ്കിൽ മാത്രമേ ഭഗവാൻ ക്ഷേത്രത്തിൽ സാന്നിദ്ധ്യം ചെയ്ത രുളുകയുള്ളൂ! ശ്രദ്ധയോടും ഭക്തിയോടും അർപ്പിക്കുന്ന എന്തും ഭഗവാനെ സന്തുഷ്ടനാക്കുകയും ചെയ്യും. കേവലം കുളിച്ച തൊഴൽ പോലും ഇതിന് മതിയാകും. അ വ ന വ ന്റെ കഴിവിനനുസരിച്ചുള്ള ഉപഹാര സമർപ്പണം കൂടിയായാൽ വിശേഷമായി. സംപ്രീതനായ ഭഗവാൻ ചോദിക്കാതെ തന്നെ എല്ലായ്പ്പോളും ഭക്തൻമാർക്ക് അനുഗ്രഹം ചൊരിയുന്നു.'

ക്ഷേത്രത്തിൽ ജീവികളുടെ രക്തം മാംസം മൃതശരീരങ്ങൾ എന്നിവ വീഴുക ജനന മരണങ്ങൾ സംഭവിക്കുക തുടങ്ങിയവ പ്രത്യക്ഷത്തിലുള്ള അശുദ്ധിയാണ്. എന്നാൽ ദേവന് അനിഷ്ടകരവും വിരോധം ഉള്ളതുമായ പ്രവർത്തികൾ ഭക്തരിൽ നിന്നോ ക്ഷേത്ര ഭാരവാഹികളിൽ നിന്നോ പ്രവൃത്തിക്കാരിൽ നിന്നോ സംഭവിക്കുന്നത് അദൃശ്യമായ പ്രായശ്ചിത്ത കാരണങ്ങളിൽ പെടുന്നു. ഉദാഹരണം പൂജാരിയോ കഴകക്കാരോ ഭക്തരോ ക്ഷേത്രത്തിനകത്ത് കടക്കുന്ന ഭാരവാഹികളോ മൂത്ര വിസർജ്ജനത്തിന് ശേഷം ശൗച്യം കഴിക്കാതെ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ അത് പ്രായശ്ചിത്ത കാരണങ്ങളിൽ പെടുന്നു.പുച്ഛഭാവത്തിൽ സംസാരിക്കുക, കലഹിക്കുക,ചീത്ത മനോവ്യാപാരത്തിലേർപ്പെടുക ഇവയും പ്രായശ്ചിത്ത കാരണങ്ങളിൽ പെടുന്നു (തുടരും) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ