2017, ജനുവരി 31, ചൊവ്വാഴ്ച

കണ്ണാ!നീയും ഇത് കാണുന്നില്ലേ?

വർഷങ്ങളായി നിന്നെ ഒരു നോക്ക് കാണാൻ കൊതിക്കുന്ന പ്രിയ ഗാന ഗന്ധർവ്വന്റെ മനസ്സ് നീ കാണുന്നില്ലേ? ആ മനസ്സിലെ സ്വപ്നങ്ങൾ കാണാൻ നിനക്ക് കഴിയില്ലേ? കണ്ണാ നീ അമ്പാടിയിൽ ഓടിക്കളിച്ചിരുന്ന സമയത്ത്, വൃന്ദാവനത്തിൽ കാളിയമർദ്ദനം ത്തിയ സമയത്ത്, ഗീത ഉപദേശിച്ച സമയത്ത് മറ്റു മതങ്ങളൊന്നും ഇവിടെ ഉണ്ടായിരുന്നില്ലല്ലോ!  അതിന് ശേഷം വന്ന മതങ്ങൾ നിനക്കെങ്ങിനെ ബാധകമാകും?

മതത്തിനോ? ഭക്തിക്കോ? നിന്റെ മുന്നിൽ സ്ഥാനം? നീ എന്നെ ശരണം പ്രാപിക്കുക നിന്റെ സകലപാപങ്ങളും ഇല്ലാതാക്കും എന്ന് പറഞ്ഞത് മനുഷ്യരോടല്ലേ? അല്ലാതെ ഹിന്ദുക്കളോട് മാത്രമല്ലല്ലോ! അഥവാ ഹിന്ദൂ മതം എന്ന പേരിൽ ഒന്ന് നിന്റെ കാലത്ത് ഉണ്ടായിരുന്നില്ലല്ലോ!

കൃഷ്ണാ ! അസുരവംശത്തിൽ ജനിച്ച പ്രഹ്ളാദൻ നിനക്ക് പ്രിയപ്പെട്ടവനായിരുന്നില്ലേ? പ്രഹ്ളാദന്റെ പേരക്കുട്ടിയായ മഹാബലിക്ക് ഇന്നും സുതലത്തിൽ വിഷ്ണുരൂപത്തിൽ നീ കാവൽ നിൽക്കുന്നു എന്നാണല്ലോ ഋഷികൾ പറഞ്ഞിട്ടുള്ളത്? മനോഹരമായ ശബ്ദത്തിൽ നിന്റെ അപദാനങ്ങൾ എത്ര തവണ നീ ഗാന ഗന്ധർവ്വൻ പാടിയത് നീ കേട്ടു? തൃണ സമാനനായ എനിക്ക് പോലും നിന്റെ ഭജനം നടത്തുന്നതിന്റെ പേരിൽ ആഗ്രഹിച്ചതെല്ലാം നടത്തിത്തരുന്നു? അപ്പോൾ ഏറ്റവും കൂടുതൽ ഏവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് നിന്റെ അപദാനങ്ങൾ പാടിയ ആ ചൈതന്യപുരുഷനെ ഒന്ന് നേരിൽ കാണാൻ അനുവദിച്ചു കൂടെ? കൃഷ്ണാ നിന്നെ അത്യാഗ്രഹത്തോടെ കാണാൻ കൊതിക്കുന്ന ഒരു ഭക്തനെ അകറ്റി നിർത്തുമ്പോൾ ഞാനടക്കമുള്ള നിന്റെ ഉപാസക ർ എത്ര ദു:ഖിക്കുന്നു എന്നത് നീ അറിയുന്നില്ലേ?

കൃഷ്ണാ! നിന്റെ ഗീതോപദേശം പഠിച്ച് അത് ജീവിതത്തിൽ പകർത്താൻ ശ്രമിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന എനിക്ക് ഗാന ഗന്ധർവ്വന്റെ ഈ ആഗ്രഹം മതത്തിന്റെ പേരിൽ നടക്കാതിരുന്നാൽ അത് എന്നെന്നേക്കുമുള്ള വേദനയായി മാറും. ചില ചരിത്രകാരന്മാർ പറയുന്നത് യേശു കൃസ്തുപോലും നിന്റെ ഭക്തനായിരുന്നു എന്നാണ് അത് ശരിയാണോ അല്ലയോ എന്ന് നിനക്കറിയാമല്ലോ; കൃഷ്ണാ ഇത് നീ തന്നെ വിചാരിക്കണം' മതത്തിന്റെ പേരിൽ ഒരു ഭക്തനെ തടയുന്നത് ധർമ്മമല്ല. ശാസ്താരു പത്തിൽ ഇന്നും ശബരിമലയിൽ അദ്ദേഹത്തിന്റെ ഹരിവരാസനം കേട്ടല്ലേ നീ ഇരിക്കുന്നത്? പണ്ട് അദ്ദേഹം പാടി - ഗുരുവായൂർ അമ്പലനടയിൽ - ഒരു ദിവസം ഞാൻ പോകും- ഗോപുരവാതിൽ തുറക്കും  ഗോപകുമാരനെ കാണും. - അത് സാധിപ്പിക്കണേ കൃഷ്ണാ! 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ