2017, ജനുവരി 8, ഞായറാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം --ഭാഗം-52 തിയ്യതി --9/1/2017

ഭഗവാൻ ദൈവീസമ്പത്തുള്ളവരുടെ ലക്ഷണം പറയുന്നു --പരദ്രോഹം ചെയ്യാതിരിക്കൽ,കള്ളത്തരമില്ലായ്മ,ക്രോധമില്ലായ്മ, ത്യാഗമനോഭാവം ,മനഃക്ഷോഭമില്ലായ്മ, പരദൂഷണം പറയാതിരിക്കൽ ,ഭൂതദയ ,ദുരയില്ലായ്മ ,മൃദുത്വം ,ലജ്ജയും ,ചാപല്യവും ഇല്ല്യ്മ  തേജസ്സ്, ക്ഷമ ,ധൈര്യം ,ബാഹ്യാന്തരശുദ്ധി ,പൊങ്ങച്ചം കാട്ടാതിരിക്കൽ ,ഈ ഗുണങ്ങളൊക്കെ ദൈവീ സമ്പത്തിനെ ആശ്രയിച്ച് ജനിച്ചവന് ഉണ്ടാകുന്നു,  ഇതിന് നേരെ വിപരീതമായി ആർക്കുണ്ടോ അലരൊക്കെ ആസുരീ സമ്പത്തിനെ ആശ്രയിച്ച് ജനിച്ചവരാകുന്നു.

ദൈവീ സമ്പത്ത് മോക്ഷത്തിനും ,ആസുരീ സമ്പത്ത് ബന്ധത്തിനും കാരണമാകുന്നു.ചെയ്യേണ്ടതെന്തെന്നും ,ചെയ്യരുതാത്തത് എന്തെന്നും ആസുരജനങ്ങൾക്ക് അറിയില്ല.അവരിൽ ശുചിത്വമോ സദാചാരമോ ,സത്യനിഷ്ഠയോ ഒന്നും കാണുകയില്ല.

ജഗത്ത് അസത്യമാണ്, കള്ളം നിറഞ്ഞതാണ് ,അതിന് ഒരു ആധാരം ഇല്ല നിയാമകനും ഇല്ല കാമവികാരം കൊണ്ട് അന്യോന്യം ചേർന്നുണ്ടായവയാണ് ഒക്കെയും അല്ലാതെ മറ്റെന്തുണ്ട്? എന്നൊക്കെ ആസുരീ സമ്പത്തുകാർ വാദിക്കുന്നു. ഈ ഒരു നാസ്തികതയെ മുറുകെ പിടിച്ച് വിവേകം കെട്ടവരും ക്ഷുദ്ര ബുദ്ധികളും ,കടും കൈ ചെയ്യുന്നവരും ദ്രോഹികളുമായ അവർ ലോകം മുടിക്കാൻ പിറന്നവരത്രേ!   അവർ പല തരത്തിലുള്ള ചിത്തഭ്രമത്തോട് കൂടി വ്യാമോഹമാകുന്ന വലയിലകപ്പെട്ട് കാമഭോഗങ്ങളിൽ മുഴുകി  മലിനമായ നരകത്തിൽ ചെന്ന് വീഴുന്നു.

അർജ്ജുനാ! ആസുരയോനിയിൽ ജനിച്ചും മരിച്ചും കഴിയുന്ന മൂഢന്മാർ അത്തരം ജന്മങ്ങളിൽ ഒന്നിലും എന്നെ പ്രാപിക്കാൻ കഴിയാതെ തന്നെ അതിലും താണ നിലയിലേക്ക് വീഴുന്നു.കാമം ,ക്രോധം ,ലോഭം എന്നിങ്ങനെ നരകത്തിലേക്ക് മൂന്ന് വാതിലുകളുണ്ട്. ആത്മാവിന് അനർത്ഥ ഹേതുക്കളാണവ.അതിനാൽ ഈ മൂന്നും ഉപേക്ഷിക്കണം.. അത് കൊണ്ട് നിനക്ക് ചെയ്യേണ്ടതും ,ചെയ്യരുതാത്തതും തിരിച്ചറിയുന്നതിന്  ശാസ്ത്രമാണ് പ്രമാണം. ശാസ്ത്ര സമ്മതമായ കർമ്മം ഏതെന്നറിഞ്ഞ് ഇവിടെ നീ പ്രവർത്തിക്കേണ്ടതാണ്.(തുടരും) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ