2017, ജനുവരി 16, തിങ്കളാഴ്‌ച

ക്ഷേത്രോപാസന   ഭാഗം-5

സംസ്കൃത ഭാഷയ്ക്ക് സംഭവിച്ച അപ്രാപ്യമായ അവസ്ഥ തന്ത്ര വിഷയത്തിലെ  മിക്ക ആധികാരിക ഗ്രന്ഥങ്ങളിൽ നിന്നും ഇന്നുള്ളവരെ അകറ്റി നിർത്തുകയാണ് ചെയ്യുന്നത്. ഇന്നും സംസ്കൃത പഠനം കേവലം ന്യൂനപക്ഷം ജനങ്ങളാണ് ചെയ്യുന്നത്. വേണ്ടത്ര പ്രചാരമോ പ്രോത്സാഹന മോ സംസ്കൃത ഭാഷാ പഠനത്തിന് ലഭിക്കുന്നില്ല. ഭാരതീയ സനാതന ധർമ്മത്തെ ജനങ്ങളിൽ നിന്നും അകറ്റുന്നതിൽ ഈ അവഗണനയ്ക്ക് വലിയ പങ്കുണ്ട്.

ക്ഷേത്ര നിർമ്മാണം തൊട്ട് എല്ലാ കാര്യങ്ങൾക്കും ഇന്ന് കേരളത്തിൽ ശാസ്ത്രീയാവലംബമായി കണക്കാക്കി വരുന്നത് പതിനെട്ടാം നൂറ്റാണ്ടിലെ സാമൂതിരിയുടെ  വിദ്വൽ സദസ്സിലെ പ്രസിദ്ധമായ പതിനെട്ടരക്കവികളിൽ ഒരാളും പ്രമുഖ തന്ത്രി കുടുംബത്തിലെ ഒരംഗവുമായ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് രചിച്ച തന്ത്രസമുച്ചയം  എന്ന മനോഹര ഗ്രന്ഥമാണ്. ആഗമങ്ങളിലും പുരാണങ്ങളിലും അവിടവിടെയായി വിവരിക്കപ്പെട്ടിരിക്കുന്ന ക്ഷേത്ര സംബന്ധമായ താന്ത്രിക ക്രിയകളെ ക്രോഡീകരിച്ച് ഒരു ഗൈഡ് തയ്യാറാക്കുകയാണ് ഞാൻ ചെയ്തിരിക്കുന്നതെന്ന് ഗ്രന്ഥകർത്താവ് പറയുന്നുണ്ട്.

ശിവൻ, വിഷ്ണു ,ശങ്കരനാരായണൻ, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ് എന്നീ 6 ദേവന്മാരുടെയും ദുർഗ്ഗയുടേയും ക്ഷേത്ര നിർമ്മാണത്തിനുള്ള ഭൂമി സ്വീകരിക്കൽ തൊട്ട് എല്ലാ ക്രിയകളും തന്ത്രസമുച്ചയം എന്ന ഗ്രന്ഥത്തിൽ പരാമർശിച്ചിരിക്കുന്നു. മറ്റു ദേവന്മാരുടെ ക്രിയകളെല്ലാം ക്രോഡീകരിച്ച് ശ്രീ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ പുത്രനും ശിഷ്യനുമായ ശ്രീ ശങ്കരൻ നമ്പൂതിരിപ്പാട് രചിച്ച  ശേഷസുച്ചയം എന്ന ഗ്രന്ഥത്തിലാണ് ഉള്ളത്.

ക്ഷേത്ര നിർമ്മാണം, ദേവ പ്രതിഷ്ഠ, നിത്യപൂജ ഉത്സവം അശുദ്ധിയും പ്രായശ്ചിത്തവും തുടങ്ങിയ വിഷയങ്ങൾ വസ്തുനിഷ്ഠമായും ശാസ്ത്രീയമായും മേൽ പറഞ്ഞ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്.  ഒരു ഗ്രാമത്തിന്റെ അഥവാ സമുഹത്തിന്റെ സർവ്വതോമുഖമായ അഭിവൃദ്ധിയെ ലക്ഷ്യമാക്കിക്കൊണ്ട് സ്ഥാപിക്കുന്ന ഈശ്വര സന്നിധാനമാണ് ക്ഷേത്രം. സമുദ്രതീരവും, നദികളുടെ സമ്മേളന സ്ഥാനവും പർവ്വതശിഖരവും വനമദ്ധ്യവും  ഉപവനവും സിദ്ധന്മാരുടെ ആശ്രമവും മറ്റുമാണ് ക്ഷേത്രം സ്ഥാപിക്കുവാനുള്ള സ്ഥലമായി വിധിക്കപ്പെട്ടിട്ടുള്ളത്. ഒന്നിന്നുള്ളിൽ മറ്റൊന്നായി സ്ഥിതി ചെയ്യുന്ന രണ്ട് താമരപ്പൂക്കളായിട്ടാണ് ക്ഷേത്രം സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നത്.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ