2017, ജനുവരി 5, വ്യാഴാഴ്‌ച

ക്ഷേത്രോപാസന

ഈശ്വരന് രണ്ട് ഭാവങ്ങളുണ്ട്. നിഷ്കള ഭാവവും സകളഭാവവും.നിഷ്കള ഭാവത്തിന്റെ  സ്വരൂപംശുദ്ധമായ ആനന്ദവും,ജ്ഞാനവും ആണ്.സ്ഥലകാല പരിധികളില്ലാത്തതും സാദൃശ്യമില്ലാത്തതുമായ രാഗദ്വേഷാദികളോ കോപമോ,സഹതാപമോ, ഒന്നും ഇല്ലാത്ത  അത്യന്തം ശുദ്ധമായ രജസ്സിനും  തമസ്സിനും സ്ഥാനമില്ലാത്ത സത്വഗുണമാണ് അത്. അമൂർത്തമായ ഈ ഭാവം കേവലം തത്ത്വജ്ഞാനികളായ ഋഷിമാർക്ക് മാത്രം സമീപിക്കാൻ കഴിയുന്ന ഒന്നാണ്

സ ക ള ഭാവത്തിൽ ഭഗവാൻ കുറേ കൂടി ഭൗതിക സാഹചര്യങ്ങളിലേക്ക് ഇറങ്ങി വരുന്നു. പ്രാർത്ഥിക്കുന്നവരുടെ  മുമ്പിൽ എപ്പോഴും സാന്നിദ്ധ്യം ചെയ്യുകയും, അവർ ആവശ്യപ്പെടാത്ത ആഗ്രഹങ്ങൾ പോലും ദാനം ചെയ്യുകയും തികഞ്ഞ പരമാനന്ദത്തേയും മുക്തിയേയും നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നു. ഈ ഭാവം സാധാരണക്കാർക്ക് കുറേ കൂടി എളുപ്പത്തിൽ പ്രാപ്യമാണ്. സ ക ള ഭാവത്തിലുള്ള ഈശ്വരാരാധനയുടെ പ്രായോഗിക ശാസ്ത്ര ഗ്രന്ഥങ്ങളാണ്  ആഗമങ്ങൾ. ഇവയാണ് ക്ഷേത്രാരാധനയുടെ അടിസ്ഥാന പ്രമാണം.

ക്ഷേത്രത്തിൽ ആരാധിക്കുന്നത് ഭഗവാനെയാണ്. ആരാണ് ഭഗവാൻ? ഐശ്വര്യം, വൈരാഗ്യം, വിജ്ഞാനം, വീര്യം ,ശ്രീ, യശസ്സ് എന്നീ ആറു ഗുണങ്ങളുടെ സഞ്ചയത്തെ ഭഗം എന്നു പറയുന്നു. ഭഗം ഉള്ളവൻ ഭഗവാൻ' ഈ ആറു ഗുണങ്ങളുടെ ഉചിതമായ സമന്വയത്തിലൂടെ  രൂപം പൂണ്ട ശരീരത്തോട് കൂടിയവനും ശ്രദ്ധ, ഭക്തി എന്നിവയാൽ പാവനമാക്കപ്പെട്ട ജലം, ഗന്ധം, പുഷ്പം ധൂപം മുതലായവയാൽ പൂജിക്കപ്പെടാൻ താൽപ്പര്യമുള്ളവനും, അങ്ങിനെ പൂജിക്കുന്നവരെ അനുഗ്രഹിക്കുന്നവനും സദാ സമയത്തും പൂർണ്ണമായ ആനനം അനുഭവിക്കുന്നവനും വേദം, ആഗമം എന്നിവയിൽ വിവരിച്ച് വ്യക്തമാക്കപ്പെട്ടവനും ആയ ഈശ്വരനെ ആണ് ക്ഷേത്രത്തിൽ വെച്ച് പ്രതിഷ്ഠിച്ച് പൂജ ചെയ്ത് ആരാധിക്കുന്നത്.

ക്ഷേത്രം നിർമ്മിച്ച് നിത്യ ചടങ്ങുകൾ കൃത്യമായി നടത്തിക്കൊണ്ട് പോകുന്ന വ്യക്തിയെ ക്ഷേത്രേശൻ എന്നു പറയുന്നു. തന്റെ വർണ്ണത്തിനും ആശ്രമത്തിനും അനുസരിച്ച് വിധിക്കപ്പെട്ട കർമ്മങ്ങൾ അനുഷ്ഠിക്കുവാൻ വിധിക്കപ്പെട്ട മാർഗ്ഗങ്ങളിലൂടെ സമ്പാദിച്ചവൻ ആയിരിക്കണം യഥാർത്ഥ ക്ഷേത്രേശൻ ആർക്കും എവിടേയും തുടങ്ങാവുന്ന ഒരു ഉദ്യമമല്ല ക്ഷേത്രങ്ങൾ എന്ന് ചുരുക്കം.(തുടരും) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ