2017, ജനുവരി 4, ബുധനാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം ഭാഗം--48  തിയ്യതി-4/1/2017

ഭഗവാൻ തുടരുന്നു
ജന്മമൃത്യുജരാവ്യാധിദുഃഖദോഷാനു ദർശനം ----ജനനം ,മരണം,വ്യാധി,തുടങ്ങിയ ജീവിതാനുഭവങ്ങളൊക്കെയും ദുഃഖകരവും,ദോഷങ്ങൾ നിറഞ്ഞതാണെന്നും കാണാനുള്ള കഴിവ്. അതിൽ നിന്നുള്ള മോചനം ഈശ്വര സാക്ഷാത്കാരത്തിലൂടെ മാത്രമാണ് എന്ന് തിരിച്ചറിയാൻ കഴിയണം.

ആസക്തി--ആസക്തി ഇല്ലാത്ത അവസ്ഥ.വിഷയങ്ങളുടെ നേരെ മനസ്സിലുണ്ടാകുന്ന അമിതമായ അഭിനിവേശമാണ് ആസക്തി. അത് ഇല്ലാതിരിക്കൽ

പുത്രദാരഗൃഹാദിഷു അനഭിഷ്വംഗഃ---പുത്രൻ,ഭാര്യ,ഗൃഹം തുടങ്ങിയവയിൽ അമിതമായ അഭിനിവേശമില്ലായ്മ

ഇഷ്ടാനിഷ്ടോപപത്തിഷു നിത്യം സമചിത്തത്വം---ഇഷ്ടമായോ അനിഷ്ടമായോ എന്തു വന്നാലും ഒരിക്കലും മനസ്സിന്റെ  സമനില തെറ്റാതിരിക്കൽ

മയി അനന്യയോഗേന അവ്യഭിചാരിണീ ഭക്തിഃ----എന്നിൽ വേർ പിരിയാത്ത മട്ടിലുള്ള ഭക്തി.ഇതര ചിന്തകൾക്ക് ഇടം കൊടുക്കാതെ ഒന്നിൽത്തന്നെ മനസ്സിനെ ഉറപ്പിച്ചു നിർത്തലാണ് ഏകാഗ്രത.അത് ഈശ്വരനിൽ ആയിരിക്കണം . മറ്റൊരു ലക്ഷ്യവുമില്ലെന്ന ഭാവത്തോടെ പരമാത്മാവിൽ മനസ്സ് ഉറപ്പിച്ചു നിർത്തണം എന്ന് ഭഗവാൻ നിഷ്കർഷിക്കുന്നു.
വിവിക്തദേശസേവീതം-----ഏകാന്ത വാസം.   സാമൂഹ്യജീവികളായ നമുക്ക്  ഏകാന്ത വാസം ദുഷ്കരമായിരിക്കും. എന്നാൽ ആത്മീയ കാര്യങ്ങളിലല്ലാതെ നമ്മുടെ ധർമ്മങ്ങൾ നിറവേറ്റിക്കൊണ്ട് വ്യാപരിക്കാതിരിക്കുക.  ഏകാന്ത വാസം എന്നാൽ സത്സംഗത്തിൽ നിന്ന് ഒഴിഞ്ഞ് മാറി നിൽക്കലല്ല. ബാഹ്യ വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക എന്ന് സാരം.

അദ്ധ്യാത്മജ്ഞാന നിത്യത്വം --- അദ്ധ്യാത്മജ്ഞാനത്തിനനുസരിച്ച് തന്നെ സദാ ജീവിതം നയിക്കാനുള്ള തൽപ്പരത

തത്ത്വജ്ഞാനാർത്ഥ ദർശനം ---- തത്ത്വജ്ഞാനത്തിന്റെ  പ്രയോജനം കണ്ടറിയൽ എന്തു ചെയ്യുന്നതും അതിന്റെ പ്രയോജനം അറിഞ്ഞു കൊണ്ട് ചെയ്യാമ്പോൾ ആ പ്രയത്നത്തിന് ആക്കം കൂടും.

ഏതത് ജ്ഞാനം ഇതി പ്രോക്തം ---- ഈ സാത്വിക ഗുണങ്ങളെ എല്ലാം ചേർത്ത് ജ്ഞാനം എന്നു പറ യുന്നു. ഇതിൽ നിന്ന് വിപരീതമായതിനെ എല്ലാം അജ്ഞാനം എന്നു പറയുന്നു.(തുടരും) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ