2017, ജനുവരി 18, ബുധനാഴ്‌ച

സമയത്തിന് പ്രസക്തിയുണ്ട്!!!!

ഏതു രംഗത്തായാലും ഒരാൾ കയറി വരുന്ന സമയം നന്നായിരിക്കണം. കഴിവ് ഉണ്ടായത് കൊണ്ട് മാത്രമായില്ല. കഴിവില്ലെങ്കിലും സമയം നന്നായാൽ ആ നല്ല സമയം തീരുന്നത് വരെ പിടിച്ചു നിൽക്കാം. കഴിവുണ്ടെങ്കിൽ തുടരുകയും ചെയ്യാം പേരും പ്രശസ്തിയും മാർക്കറ്റിംഗും  സ്റ്റാർ വാല്യുവും സമയത്തെ ആധാരമാക്കിയാണെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാകും. സിനിമാ ഫീൽഡിലേക്ക് ഒന്ന് നോക്കിയാൽ മതി. ശങ്കറും മോഹൻലാലും വന്ന സമയം നന്നായിരുന്നു. മികച്ച കഴിവുള്ള ലാൽ താര ചക്രവർത്തിയായി. ശങ്ക റോ? നല്ല സമയം കഴിയുന്നത് വരെ കളിച്ചു. പിന്നെ അപ്രത്യക്ഷമായി.

നല്ല പ്രതിഭയുള്ള പലരും വന്ന സമയം മോശമായതിനാൽ ശോഭിക്കാതെ പോയി. മോഹൻ ഒരു വിധം നല്ല നടനായിരുന്നു. അമിതാബച്ചനെ അനുസ്മരിപ്പിക്കുന്ന ഉയരവും ശ്രീത്വവും ഒത്തിണങ്ങിയവൻ. ചട്ടക്കാരി എന്ന സിനിമയിൽ തരക്കേടില്ലാത്ത അഭിനയം കാഴ്ചവെച്ചു. പിന്നെ അധികമൊന്നും നിലനിന്നില്ല. അഭിനയത്തിൽ വലിയ ആധിപത്യം പുലർത്താനായില്ലെങ്കിലും അത് വരെ കാണാത്ത ഒരു സ്റ്റൈൽ കൊണ്ടുവന്ന ജയൻ നായക വേഷം അണിഞ്ഞത് നല്ല സമയത്തായിരുന്നു.

ഇതൊക്കെ സിനിമാ രംഗത്ത് മാത്രമല്ല. സാഹിത്യ രംഗത്തും ഉണ്ട്. മലയാള സാഹിത്യത്തിൽ എം.ടി വാസുദേവൻ നായർ മുടിചൂടാമന്നനായി വിരാജിക്കുമ്പോഴും ഒരു സാഹിത്യാസ്വാദകനെ സംബന്ധിച്ച് വിലാ സിനി ഒ.വി വിജയൻ ആനന്ദ് എന്നിവരുടെയൊക്കെ വളരെ പുറകിലാണ് എം.ടിയുടെ സ്ഥാനം.

ബംഗാളി നോവലുകളായ  വിലയ്ക്ക് വാങ്ങാം,മേരി ബീഗം ബിസ്വാസ്,പ്രഥമപ്രതിശ്രുതി, ആരോഗ്യനികേതനം,പഥേർ പാഞ്ചാലി, അപരാജിത, പത്മ-മേഘന തുടങ്ങിയ നോവലുകളുടെ ഒക്കെ ആഴം മലയാള നോവലുകളിൽ അധികമൊന്നും കാണാൻ കഴിയില്ല എസ് കെ പൊറ്റേക്കാടിന്റെ ഒരു ദേശത്തിന്റെ കഥ മാത്രമാണ് ആ നിലവാരം പുലർത്തുന്നവയിൽ പെട്ടെന്ന് ഓർമ്മ വരുന്നത്!  കന്നട സാഹിത്യകാരനായ ശ്രീകൃഷ്ണ ആനലഹള്ളിയൂടെ ഭുജംഗയ്യന്റെ ദശാവതാരം. അത്തരത്തിൽ ഒന്നാണ് അത് വായിക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതി അറിയപ്പെടുന്ന മറ്റ്   മലയാള നോവലിസ്റ്റ് കളുടെ കൃതികൾ വായിച്ചാൽ നമുക്ക് കിട്ടില്ല.

എം ടി യുടെ ഭേദപ്പെട്ട കൃതി എന്ന് പറയാവുന്നത് മഞ്ഞ് മാത്രമാണ്.പിന്നെ ഓരോ എഴുത്തുകാരുടേയും ചില കൃതികൾ മാത്രം. സി രാധാകൃഷ്ണന്റെ  പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും, തീക്കടൽ കടഞ്ഞ തിരുമധുരം എന്നിവ തരക്കേടില്ല. എൻ.പി മുഹമ്മദിന്റെ ഹിരണ്യകശിപു,കൊച്ചു ബാവയുടെ  വൃദ്ധസദനം,  മുകുന്ദന്റെ മഞ്ഞഴിപ്പുഴയുടെ തീരങ്ങളിൽ. വത്സലയുടെ നെല്ല്, ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നസാക്ഷി.തകഴിയുടെ ചെമ്മീൻ കയർ ഏണിപ്പടികൾ മുതലായവ നിലവാരം പുലർത്തുന്നവയാണ്.

തിരക്കഥാ രചനയിലൂടെ ആണ് എം ടി കൂടുതൽ ശ്രദ്ധേയനായതും സ്റ്റാർ വാല്യു നേടിയതും. കാലം നാലുകെട്ട് തുടങ്ങിയവ പൈങ്കിളി പ്പട്ടത്തിൽ നിന്ന് വളരെയൊന്നും അകലെയല്ല! മേൽ പ്പറഞ്ഞ ബംഗാളി നോവൽ വായിച്ച ഒരാൾക്ക് എം ടി യുടെ നോവലിനോടോന്നും ഒരു ആരാധനയും തോന്നില്ല. ആക്ഷേപ ഹാസ്യത്തിലൂടെ മലയാളികളെ ഏറെ ചിന്തിപ്പികാകുകയും ചിരിപ്പിക്കുകയും ചെയ്ത വി കെ എൻ എന്ന സാഹിത്യകാരന്റെ സാന്നിധ്യം മലയാള ഭാഷയുടെ ആക്ഷേപഹാസ്യ വിഭാഗത്തിന് നല്ല മുതൽക്കൂട്ടാണ്. മഞ്ചലും  അധികാരവും ! അധികാരവും അതിലെ രാമൻ നമ്പൂതിരിപ്പാടിനേയും മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാനാകില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ