2017, ജനുവരി 1, ഞായറാഴ്‌ച

അര്‍ജ്ജുനന്‍ ദുര്യോധനനെ കൊന്നപ്പോള്‍ ശരീരമല്ലെ ശരീരത്തെ കൊല്ലുന്നത് പിന്നെ എങ്ങനെയാണ് ആത്മാവിന് പുണ്ണ്യം കിട്ടുന്നത്. ആത്മാവ് സത്തും ശരീരം ജഡയും അല്ലെ ? (വിമര്‍ശിക്കുന്നതല്ല ജ്ഞാനസമ്പാദ്യമാണ് ല്ക്ഷ്യം.) ശരീരം കൊണ്ട് പ്രവര്‍ത്തിക്കുന്നവന്‍ പാപം നേടുന്നില്ല (ഭഗവത്ഗീത.).  അതിനര്‍ത്ഥം പുണ്ണ്യവും നേടുന്നില്ല എന്നാണ്.------    Rajesh koorthedath pullayikodi
**********************************************************
മറുപടി
********
ശരീരം ജഡസ്വരൂപമാണ്. അതിന് ഒന്നും ചെയ്യാൻ കഴിവില്ല. മരണശേഷം അത് വ്യക്തമാണല്ലോ! അങ്ങിനെയാണെങ്കിൽ ഞാൻ ഒരാളെ കൊന്നു എന്ന് പറയുമ്പോൾ എന്റെ ശരീരമല്ല അത് ചെയ്തത് എന്ന് ഉറപ്പല്ലേ? പിന്നെ ഞാൻ ചെയ്തു എന്ന് പറയുമ്പോൾ ഞാൻ ആരാണ് എന്ന് ആലോചിക്കേണ്ടേ?

നാഹം ദേഹോ നേന്ദ്രിയാണ്യന്തരംഗോ,നാഹംകാര,പ്രാണവർഗ്ഗോന ബുദ്ധിഃ,ദാരാപത്യ ക്ഷേത്ര വിത്താദി ദൂരഃ
സാക്ഷീ നിത്യഃ പ്രത്യഗാത്മാ ശിവോഹം(ശങ്കരാചാര്യർ)
              അർത്ഥം
ഞാൻ ദേഹമല്ല ഇന്ദ്രിയങ്ങളോ അന്തരംഗങ്ങളോ അല്ല.ഞാൻ അഹംകാരമല്ല.പ്രാണവർഗ്ഗങ്ങളോ ബുദ്ധിയോ അല്ല.ഭാര്യയോ വീടോ ധനമോ അല്ല.ഇതിനെല്ലാം സാക്ഷിയായ സാക്ഷാൽ ശിവനാകുന്നു ഞാൻ.

അപ്പോൾ ഞാൻ എന്ന് പറയുന്നതും നീ എന്ന് പറയുന്നതും ശരീരമല്ല. ആ ശരീരത്തിന് അകത്തുള്ള ആത്മാവാണ്. ശരീരത്തിന് അകത്തുള്ള ജീവനോട് കൂടിയ ആത്മാവിനെ ജീവാത്മാവ് എന്നും ശരീരാദികൾക്ക് പുറത്തുള്ള സ്വതന്ത്രമായ ശക്തി വിശേഷത്തെ പരമാത്മാവ് എന്നും പറയുന്നു പരമാത്മാവിനെ ത്തന്നെയാണ് ഈശ്വരൻ എന്നും പരബ്രഹ്മം എന്നും പറയുന്നത്.

ആ പരമാത്മാവ് ചില പ്രത്യേക ഉദ്ദേശങ്ങൾക്കായി ശരീരം എടുക്കുമ്പോൾ അവതാരങ്ങൾ എന്ന് പറയുന്നു. എന്നാൽ പ്രപഞ്ചത്തിന് കൊടുത്ത സ്വഭാവം മൂലം ഉണ്ടാകുന്ന ജീവികളെ അവതാരങ്ങൾ എന്ന് പറയാറില്ല എന്ന്മാത്രം. ശരീരം എടുത്ത് കഴിഞ്ഞാൽ ഞാൻ എന്നും നീ എന്നും ഉള്ള വിവേചനം ആരംഭിക്കുകയായി. പിന്നെ ഞാനും നീയും കർമ്മങ്ങൾ ചെയ്യുമ്പോൾ അതിന്റെ ഗുണനിലവാരത്തിന് അനുസരിച്ച് ഫലവും ഉണ്ടാകുന്നു.   അങ്ങിനെ സത്തായ കർമ്മങ്ങൾ ചെയ്ത് പരമാത്മാവിനെ പ്രാപിച്ചാൽ പിന്നെ ജന്മം ഉണ്ടാകുന്നില്ല. നദി എപ്രകാരം കടലിൽ ചെന്ന് ചേർന്ന് നദി എന്ന വ്യക്തിത്വം നഷ്ടപ്പെട്ട് കടൽ എന്ന നാമം സ്വീകരിക്കുന്നുവോ? അതേ പോലെ ശുദ്ധ മായ കർമ്മം ചെയ്ത് ആ പരമാത്മാവിൽ ,രൂപനാമങ്ങൾ നഷ്ടപ്പെട്ട് പരമാത്മാ നാമം നേടുന്നു. ശരീരമെടുക്കുന്ന വേളയിലേ കർമ്മവും,ഫലവും ഒക്കെ ഉള്ളൂ! പരമാത്മാവിന് ഇതോന്നും ഇല്ല അതിനാലാണ് നിർഗ്ഗുണ പരബ്രഹ്മം എന്ന് പരമാത്മാവിനേ പറയുന്നത്!  ശരീരം കൊണ്ട് പ്രവർത്തിക്കുന്നവൻ പാപം നേടുന്നില്ല .ഇങ്ങിനെ ഒന്ന് ഭഗവദ് ഗീതയിലില്ല. തെറ്റായി ധരിച്ചതാണെന്ന് വ്യക്തം കാരണം ശരീരത്തിന് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ! അഥവാ കർമ്മം ചെയ്യുന്നതും അനുഭവിക്കുന്നതും ജീവാത്മാവാണ് ---ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ