2016, ഡിസംബർ 22, വ്യാഴാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം --ഭാഗം--37 തിയ്യതി--22/12/2016 രാജവിദ്യാരാജഗുഹ്യയോഗം

ഇന്ദ്രിയങ്ങളാൽ അനുഭവിക്കാൻ കഴിയാത്ത സ്വരൂപത്തോട് കൂടിയ ഞാനായിട്ട് എല്ലാ ജഗത്തും വ്യാപിക്കപ്പെട്ടിരിക്കുന്നു.ഭൂതങ്ങളെല്ലാം എന്നിലിരിക്കുന്നു. ഞാനാകട്ടെ അവയിൽ ഇരിക്കുന്നുമില്ല.എന്നാൽ സത്യത്തിൽ ഭൂതങ്ങൾ എന്നിലിക്കുന്നില്ല. എന്റെ സ്വരൂപം ഭൂതങ്ങളെ ഉണ്ടാക്കുന്നതാകുന്നു. ഭൂതങ്ങളെ ഭരിക്കുന്നതാകുന്നു.ഭൂതങ്ങളിൽ ഇരിക്കുന്നതല്ല.അതായത് എല്ലായിടത്തും സഞ്ചരിക്കുന്ന വായു എപ്രകാരം സദാ ആകാശത്തിൽ സ്ഥിതി ചെയ്യുന്നുവോ അപ്രകാരമാണ് എല്ലാ ഭൂതങ്ങളും എന്നിലിരിക്കുന്നത്.

കല്പാന്ത കാലത്ത് എല്ലാ ചരാചരങ്ങളും എന്റെ പ്രകൃതിയിൽ അഥവാ സ്വഭാവത്തിൽ ലയിക്കുന്നു.അടുത്ത കൽപ്പത്തിൽ അവയെ പുറത്തേക്ക്  വിടുകയും ചെയ്യുന്നു. സ്വാതന്ത്ര്യമില്ലാത്ത ഈ മുഴുവൻ ഭൂത സമൂഹത്തേയും എന്റെ പ്രകൃതി കൊണ്ട് ഞാൻ വീണ്ടും വീണ്ടും സൃഷ്ടിക്കുന്നു. എന്നാൽ ഈ സൃഷ്ടി കർമ്മത്തിൽ ഉദാസീന നെപ്പോലെ ഇരിക്കുന്ന എന്നെ അല്ലയോ അർജ്ജു നാ ഈ കർമ്മങ്ങൾ ബന്ധിക്കുന്നില്ല.

എന്റെ സാന്നിദ്ധ്യം ഒന്ന് കൊണ്ട് സചേതനമായിത്തീർന്ന പ്രകൃതി സർവ്വ ചരാചരങ്ങളും സൃഷ്ടിക്കുന്നു. അതിനാൽ പ്രപഞ്ചവ്യവഹാരം നടക്കുന്നു.

സർവ്വഭൂതങ്ങൾക്കും മഹേശ്വരനായ എന്റെ യഥാർത്ഥ സ്വരൂപം അറിയാത്ത അവിവേകികൾ മനുഷ്യ ദേഹത്തെ ആശ്രയിച്ചവനെന്ന് എന്നെ അപമാനിക്കുന്നു. 
       എല്ലാ മനുഷ്യരൂപങ്ങളിലും എന്നെ കാണാൻ കഴിയാത്തവർ മൂഢന്മാർ ആണെന്നും ഇതിന് ആന്തരിക അർത്ഥമുണ്ട്. എല്ലാവരിലും ഞാൻ തന്നെ പ്രകാശിക്കുന്നു എന്ന് കരുതി എന്റെ ഭക്തന്മാർ പരസ്പരം ആദരിക്കേണ്ടതാണ്.(തുടരും) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ