2016, ഡിസംബർ 25, ഞായറാഴ്‌ച

സനാതന ധർമ്മത്തിലെ മുത്തുകൾ  4

സത്യംജ്ഞാനമനന്തം ബ്രഹ്മ യോ വേദ നിഹിതം ഗുഹായാമ്.
സോ/ശ്നുതേ സർവാൻ കാമാൻ  സഹ ബ്രഹ്മണാ വിപഞ്ചിതാ.
     മുണ്ഡകോപനിഷത്ത്

തന്റെ ഹൃദയമാകുന്ന ഗുഹയിൽ ഒളിഞ്ഞിരിക്കുന്ന സത്യവും അനന്ത ജ്ഞാനവുമായ പരബ്രഹ്മത്തെ അറിയുന്നവൻ  ആ സർവ്വജ്ഞ ബ്രഹ്മത്തോടൊന്നിച്ച് എല്ലാ അഭീഷ്ടങ്ങളും അനുഭവിക്കുന്നു.
     വിശദീകരണം
തന്റെ ഉള്ളിൽ പരമാത്മാവ് അഥവാ പരബ്രഹ്മം തന്നെയാണ് എന്ന് ഒരു വിധം എല്ലാവർക്കും അറിയാം.പക്ഷെ അതറിഞ്ഞ് എങ്ങിനെ പരമാത്മാവിനോടൊപ്പം എല്ലാ അഭീഷ്ടങ്ങളും അനുഭവിക്കും? അതിനുള്ള വഴി എന്ത്? ഇതാണ് എല്ലാവരുടേയും മനസ്സിലുള്ള സംശയം. ഗീത വ്യക്തമായി എങ്ങിനെ എന്ന് പറയുന്നുണ്ട്. എങ്കിലും ഒരു അവിശ്വാസമോ ,സംശയമോ വിട്ടുമാറാതെ നിൽക്കുന്നു

സാധാരണക്കാരനായ ഒരുവന് തന്റെ ഉള്ളിലുള്ള ചൈതന്യത്തെ തിരിച്ച്റിയാൻ ചില വഴികളുണ്ട്.അതിന് ആദ്യം വേണ്ടത് സദ് ദർശനം ആണ്. അതായത് എന്ത് കണ്ടാലും,ആരെ കണ്ടാലും അവനിലെ സത്തായ ഗുണം എന്ത് എന്ന് കണ്ട് പിടിച്ച് അതിനെ മാത്രം ശ്രദ്ധിക്കുക. ആരെങ്കിലും ആരെപ്പറ്റിയെങ്കിലും ദോഷം പറയുന്നത് കേൾക്കാൻ നിൽക്കരുത്. എന്താണ് എന്തിലും നന്മ യുള്ളത്? അത് മാത്രം കാണുക.

പതുക്കെ പതുക്കെ ഈ ലോകം നന്മ മാത്രമുള്ളതാണ് എന്നൊരു അനുഭവം നമുക്കുണ്ടാകും.ഒരാളുടെ തിന്മ നമുക്ക് കാണേണ്ട.അതിനെ പറ്റി ചിന്തിക്കയും വേണ്ട. നല്ലത് മാത്രം കാണുന്ന ശീലം വളർന്നാൽ നമ്മളിലെ തിന്മകൾ നാം അറിയാതെ ഇല്ലാതായിപ്പോകും.

നല്ലത് മാത്രം കണ്ട് ശീലിച്ചാൽ നല്ലത് മാത്രം ചെയ്ത് ശീലിക്കും നല്ലത് ചെയ്ത് ശീലിച്ചാൽ ഫലവും നല്ലതായിരിക്കും.നല്ലതിലൂടെ സഞ്ചരിക്കുന്നത് ബ്രഹ്മത്തിൽ എത്തി നിൽക്കും.ഞാൻ തന്നെയാണ് സർവ്വവും എന്ന ബോധം ഉണരുകയും,ശരീര ബോധം മറയുകയും ചെയ്യും.   ചിലവില്ലാതെ പരീക്ഷിക്കാവുന്നതാണ്. ക്ഷമ വേണം എന്ന് മാത്രം.കാരണം നമ്മളെ ശത്രുവായി കാണുന്നവരുടെ നന്മ മാത്രം കാണണം എന്ന് പറയുന്നത് കുറച്ച് ബുദ്ധിമ്മുട്ടുള്ള കാര്യമാണ്. അതിന് മനസ്സിനെ പാകപ്പെടുത്തേണ്ടത് ഉണ്ട്.    ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ