2016, ഡിസംബർ 26, തിങ്കളാഴ്‌ച

മനോബുദ്ധികളുടെ  സൂക്ഷ്മ തലങ്ങൾ!!!

നമ്മളുടെ ഓരോ വ്യവഹാരത്തേയും വിലയിരുത്തുമ്പോൾ മനശ്ശാസ്ത്രത്തെ ഒഴിവാക്കാനാകില്ല. പെനാൽട്ടി ബോക്സിൽ നിന്നും വളരെ അകലെ നിന്ന് കിക്കെടുത്ത് പ്രഗത്ഭരായ കളിക്കാരെ മറി കടന്ന് പന്ത് വലയിൽ എത്തുന്ന കാഴ്ച്ച എത്രയോ തവണ നമ്മൾ കണ്ടിരിക്കും.എന്നാൽ അതേ കളിക്കാരൻ തന്നെ ഫ്രീ ആയി കിടക്കുന്ന പോസ്റ്റിലേക്ക് അടിച്ച പന്ത് അതും വളരെ അടുത്ത്നിന്നടിച്ചത് ലക്ഷ്യം കാണാതെ പുറത്ത് പോകുന്നതും നമ്മൾ കണ്ടിരിക്കും.

ഇവിടെയൊക്കെ കളിക്കാരുടെ മനോനിലയ്ക്ക് വളരെ അധികം പ്രാധാന്യമുണ്ട്.ഇനി നമുക്ക്  പുരാണ കഥകളിലേക്ക് ഒന്ന് നോക്കാം.എത്രവലിയ ജ്ഞാനി ആണെങ്കിലും മനുഷ്യജന്മ മെടുത്താൽ ചാപല്യം ചില സന്ദർഭങ്ങളിൽ നമ്മെ പിടികൂടിയിരിക്കും. അതിൽ നിന്ന് മുക്തി നേടാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഒരാൾ യോഗി എന്ന സ്ഥിതപ്രജ്ഞന്റെ അവസ്ഥപ്രാപിക്കുകയുള്ളു. അങ്ങിനെ വരുമ്പോളേ സമൂഹം അതിന്റെ നന്മ  അനുഭവിക്കുകയുള്ളു!

കുന്തീദേവിക്ക് ദുർവ്വാസാവ് മഹർഷിയെ ക്കുറിച്ചോ അദ്ദേഹത്തിന്റെ ദിവ്യത്വത്തെ കുറിച്ചോ അറിയാഞ്ഞിട്ടല്ല. പക്ഷെ ഒരു നിമിഷം ചാപല്യത്തിന് അടിമപ്പെട്ടു. സൂര്യദേവനെ നോക്കി ആദ്യമന്ത്രം ചോല്ലുകയും ഗർഭിണിയാവുകയും അങ്ങിനെ അനവസരത്തിൽ കർണ്ണന്റെ ജനനത്തിന് കാരണമാകുകയും ചെയ്തു. ചൂണ്ടിക്കാണിക്കാൻ ഒരു പിതാവ് ഇല്ലാത്തതിന്റെ പതിത്വഭാവം കർണ്ണനെ മരണം വരെ പിൻതുടർന്നു. കർണ്ണന്റെ മോക്ഷം അർജ്ജുനന്റെ കയ് കൊണ്ടാണ് വിധി എങ്കിലും ആ വിധി നടപ്പാകാൻ വേറെ എത്രയോ വഴികളുണ്ട്. നാം അനുഭവിക്കേണ്ടതായ കാര്യങ്ങൾ ഏത് വഴിയിലൂടെ വന്നാലും കുഴപ്പമില്ല. ഇവിടെ പരിസമാപ്തി മാത്രമേ വിധിയായിട്ടുള്ളു. വഴി വിധിയല്ല. അത് കൊണ്ടാണ് ലക്ഷ്യമാണ് പ്രാധാന്യം മാർഗ്ഗമല്ല എന്ന ചൊല്ല് ഉടലെടുത്തത്.  ആദ്യമായി കുന്തിക്ക് ഭർത്താവിനോട് കള്ളം പറയേണ്ടിവന്നു. തനിക്ക് ദുർവ്വാസാവ് മഹർഷി 4 വരങ്ങൾ തന്നിട്ടുണ്ട് എന്നാണ് പറഞ്ഞത്. 5 എണ്ണം കൊടുത്തിരുന്നുവല്ലോ! ഒരു തെറ്റ് ചെയ്താൽ അത് ന്യായീകരിക്കാൻ നിരവധി കള്ളങ്ങൾ പറയേണ്ടിവരും എന്ന ചൊല്ല് ഇവിടെ പ്രസക്തമാണ്.

സൂര്യപുത്രനിയി ജനിച്ചിട്ടും സൂതപുത്രൻ എന്ന് വിളി കേൾക്കാനാണ് കർണ്ണന് വിധിയുണ്ടായത്. എന്നാൽ ശരിക്കും ഇത് വിധിയല്ല.കർമ്മ ദോഷമാണ്.  കുന്തീ ദേവിയുടെ കർമ്മ ദോഷം.! അർജ്ജുനന് തുല്യമോ ഒരൂ പക്ഷെ അർജ്ജുനനേക്കാൾ ഉയർന്നതോ ആയ കർണ്ണന്റെ വ്യക്തി പ്രഭാവത്തിന് കടിഞ്ഞാണിട്ടത് കുന്തീ ദേവിയുടെ ഒരു നിമിഷത്തെ ചാപല്യമായിരുന്നു എന്ന് ചിന്തിച്ചാൽ നമുക്ക് അറിയാൻ കഴിയും (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ