2016, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

നാരായണീയം -ദശകം  23. ദക്ഷചരിതവും ചിത്രകേതൂപാഖ്യാനവും  തുടങ്ങുന്നു  തിയ്യതി -22/9/2016
ശ്ളോകം  1
പ്രാചേതസസ്തു ഭഗവന്നപരോ ഹി ദക്ഷ-
സ്ത്വത്സേവനം വ്യധിത സർഗ്ഗവിവൃദ്ധികാമഃ
ആവിർബഭൂവിഥ തദാ ലസദഷ്ടബാഹു-
സ്തസ്മൈ വരം ദദിഥ,താം ച വധുമസിക്നീം
                   അർത്ഥം
ഭഗവാനേ!പ്രചേതസ്സുകളുടെ പുത്രനായ മറ്റേ ദക്ഷനാകട്ടെ സൃഷ്ടി വർദ്ധിപ്പിക്കുവാൻ വേണ്ടി നിന്തിരുവടിയെ ഭജിച്ചു .അപ്പോൾ 8 കൈകളോട്കൂടി നിന്തിരുവടി പ്രത്യക്ഷപ്പെട്ടു .ആ ദക്ഷന് ആഗ്രഹിച്ച വരവും ,അസിക്നി എന്ന ഭാര്യയേയും നൽകി
2
തസ്യാത്മജാസ്ത്വയുതമീശ!പുനസ്സഹസ്രം
ശ്രീ നാരദസ്യ വചസാ തവ മാർഗ്ഗമാപുഃ
നൈകത്ര വാസമൃഷയേ സ മുമോച ശാപം,
ഭക്തോത്തമസ്ത്വൃഷിരനുഗ്രഹമേവ മേനേ.
                    അർത്ഥം
ഗുരുവായൂരപ്പാ ആ ദക്ഷന്റെ പുത്രന്മാരാകട്ടെ പതിനായിരം പേരും പിന്നെ ആയിരം പേരും ശ്രീ നാരദന്റെ ഉപദേശത്താൽ  നിന്തിരുവടിയുടെ  വഴിക്ക് തിരിഞ്ഞു മോക്ഷം പ്രാപിച്ചു.ആ ദക്ഷൻ നാരദരെ ഒരിടത്തും സ്ഥിരമായി വസിക്കാനിടവരാതെ പോകട്ടെ! എന്നു ശപിച്ചു പരമഭക്തനായ നാരദമഹർഷിയാകട്ടെ ആശാ പത്തെ  അനുഗ്രഹമായിത്തന്നെ വിചാരിച്ചു
3
ഷഷ്ട്യാ തതോ ദുഹിതൃഭിഃ സൃജതഃ കുലൗഘാൻ
ദൗഹിത്രസൂനുരഥ തസ്യ സ വിശ്വരൂപഃ
ത്വത്സ്ത്രോത്രവർമിതമജാപയദിന്ദ്രമാജഔ
ദേവ!ത്വദീയമഹിമാ ഖലു സർവ്വജൈത്രഃ
                 അർത്ഥം
അതിനൂ ശേഷം അറുപതു പെൺമക്കൾ വഴിയായി പല വംശങ്ങളേയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ആ ദക്ഷന്റെമകളുടെ മകന്റെ മകനായ വിശ്വരൂപൻ പിന്നീട് യുദ്ധത്തിൽ ദേവേന്ദ്രനെ നിന്തിരുവടിയുടെ  സ്തോത്രം കൊണ്ട് രക്ഷ ചെയ്ത് ജയിപ്പിക്കുകയുണ്ടായി ഭഗവാനേ! നിന്തിരുവടിയുടെ മാഹാത്മ്യം എല്ലാവരേയും ജയിക്കുന്നതാണല്ലോ!
          വിശദീകരണം
ദക്ഷൻ പല വംശങ്ങളേയും സൃഷ്ടിച്ചു എന്നു പറഞ്ഞല്ലോ! അവരിൽ മകളായ അദിതിയുടെ മക്കളായ 12 ആദിത്യന്മാരിൽ നാലാമനായ ത്വഷ്ടാവിന് രചന എന്ന അസുരസ്ത്രീയിൽ ജനിച്ച പുത്രനാണ് വിശ്വരൂപൻ .ദേവ ഗുരുവായ ബൃഹസ്പതി ഒരിക്കൽ കോപിച്ച് ഇന്ദ്രനെ ഉപേക്ഷിച്ചു പോയപ്പോൾ ദേവന്മാർ ബ്രഹ്മാവിന്റെ ഉപദേശം അനുസരിച്ച് വിശ്വരൂപനെ പുരോഹിതനായി സ്വീകരിച്ചു ,ആ വിശ്വരൂപൻ നിർമ്മിച്ചതാണ് നാരായണകവചം മന്ത്രം അത് കൊണ്ട് ദേവാസുരയുദ്ധത്തിൽ ദേവന്മാരെ വിജയിപ്പിച്ചു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ