2016, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

ഭഗവദ് ഗീതാപഠനം--420 ആം ദിവസം  അദ്ധ്യായം  18 തിയ്യതി--26/9/2016 ശ്ളോകം 19

ജ്ഞാനം കർമ്മ ച കർത്താ ച ത്രിധൈവ ഗുണഭേദതഃ
പ്രോച്യതേ ഗുണസംഖ്യാനേ യഥാവച്ഛൃണു താന്യപി.
                     അർത്ഥം
ഗുണ ഭേദേന ജ്ഞാനം,കർമ്മം,കർത്താവ് ഇവയെ മുമ്മൂന്ന് തരത്തിലായി ഗുണവിവേചനം ചെയ്യുന്ന സാംഖ്യ ശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട് .അവയേയും യഥാക്രമം പറയാം നീ കേട്ടോളൂ.
20
സർവ്വഭൂതേഷു യേനൈകം ഭാവമവ്യയമീക്ഷതേ
അവിഭക്തം വിഭക്തേഷു തത് ജ്ഞാനം വിദ്ധി സാത്ത്വികം.
                        അർത്ഥം
പലതായി പ്രതിഭാസിക്കുന്ന വിഭിന്ന ചരാചരങ്ങളിലെല്ലാം വിഭജിക്കപ്പെടാത്തതും നാശമില്ലാത്തതുമായ ഒരേ തത്ത്വത്തെ -നാനാത്വത്തിൽ ഏകത്വത്തെ കാണുന്ന ജ്ഞാനം ഏതോ ആ സാത്വികജ്ഞാനം എന്നറിഞ്ഞാലും
               വിശദീകരണം
പല തരത്തിലുള്ള ചരാചര വസ്തുക്കളിൽ പ്രതിഭാസിക്കുന്നത് ഒരേ തത്വമാണ് അഥവാ ഒരേ ശക്തി വിശേഷമാണ്.നാനാ വിധത്തിൽ കാണപ്പെടുന്ന വിവിധ ശക്തിയാണ് എന്ന് തോന്നപ്പെടുന്നവ ഒന്ന് തന്നെ എന്ന ഉറച്ച ബോധം സാത്വിക ജ്ഞാനമാകുന്നു അതായത് അദ്വൈതം ആണ് പരമ സത്യം എന്നാണ് ഭഗവാൻ പറയുന്നത്
21
പൃഥക്തേന തു യത് ജ്ഞാനം നാനാഭാവാൻ പൃഥഗ്വിധാൻ
വേത്തി സർവ്വേഷു ഭൂതേഷു തത് ജ്ഞാനം വിദ്ധി രാജസം.
                     അർത്ഥം
ഏതൊരു ജ്ഞാനമാകട്ടെ എല്ലാ ഭൂതങ്ങളിലും വെവ്വേറെ തരത്തിലുള്ള പലേ ഭാവങ്ങളെ വെവ്വേറെ യായിട്ട് അറിയുന്നു ആ ജ്ഞാനത്തെ രാജസമായി അറിഞ്ഞാലും
                 വിശദീകരണം
ഓരോന്നും വേറെ വേറെ ആണ് എന്ന് ധരിച്ചിരിക്കുന്നത് രാജസമായ ജ്ഞാനമാകുന്നു. അതായത് ദ്വൈതം എന്നത് രാജസമായ ജ്ഞാനമാകുന്നു എന്ന് സാരം
22
യത് തു കൃത്സ്നവദേകസ്മിൻ കാര്യേ സക്തമഹൈതുകം
അതത്ത്വാർത്ഥവദല്പം ച തത് താമസമുദാഹൃദം.
                   അർത്ഥം
ഏത് ജ്ഞാനമാണോ ഒരു കാര്യത്തിൽ -ഈ ദേഹത്തിൽ എല്ലാമായി ഇതിന്നപ്പുറമൊന്നും ഇല്ല എന്ന ധാരണയോടെ ചേർന്ന് നിൽക്കുന്നത്! യുക്തിരഹിതവും,അയഥാർത്ഥവും സങ്കുചിതവുമായ അത് താമസജ്ഞാനമാണ്
             വിശദീകരണം
തന്റേത് മാത്രമാണ് ശരി,തന്റെ വിശ്വാസമാണ് ശ്രേഷ്ഠം എന്ന് വിശാലമായി ചിന്തിക്കാതെ സ്വാർത്ഥ താൽപ്പര്യത്തിന്റെ പേരിൽ പ്രകടിപ്പിക്കുന്നത് താമസജ്ഞാനം അത് യുക്തി രഹിതവും അസത്യവുമായിരിക്കും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ