2016, സെപ്റ്റംബർ 14, ബുധനാഴ്‌ച

ഭഗവദ് ഗീതാപഠനം 408-ആം ദിവസം അദ്ധ്യായം -16 തിയ്യതി -14/9/2016  ശ്ളോകം 17

ആത്മസംഭാവിതാഃ സ്തബ്ധാഃ ധനമാനമദാന്വിതാഃ
യജന്തേ നാമ യജ്ഞൈസ്തേ ദംഭേനാവിധിപൂർവ്വകം
            അർത്ഥം
സ്വയം കേമനെന്ന് ഭാവിച്ച് ആരേയും വിലവെക്കാതെ വേണ്ടത്ര പണമുണ്ട് എന്നുള്ള ദുരഭിമാനവും ,അതു കൊണ്ടുള്ള ധൂർത്തുമായി അവർ വലിയ ഡംഭോടുകൂടി വിധിയൊന്നും നോക്കാതെ യജ്ഞത്തിന്റെ പേരിൽ പലതും കാട്ടിക്കൂട്ടുന്നു
18
അഹംകാരം ബലം ദർപ്പം കാമം ക്രോധം ച സംശ്രിതാഃ
മാമാത്മപരദേഹേഷു പ്രദ്വിഷന്തോ/ഭ്യസൂയകാഃ
              അർത്ഥം
അഹംകാരം ബലം ദർപ്പം കാമം ക്രോധം ഇവ കൂടിച്ചേർന്ന് അസൂയാലുക്കളായി സ്വദേഹത്തിലും അന്യദേഹത്തിലും കുടി കൊള്ളുന്ന പരമാത്മാവായ എന്നെ ദ്വേഷിച്ചു കൊണ്ട് അവർ ജീവിതം നയിക്കുന്നു
19
താനഹം ദ്വിഷതഃ ക്രൂരാൻ സംസാരേഷു നരാധമാൻ
ക്ഷിപാമ്യജസ്രമശുഭാൻ ആസുരീഷ്വേവ യോനിഷു
                അർത്ഥം
എല്ലാവരേയും ദ്വേഷിച്ചും ,ദ്രോഹിച്ചും കഴിയുന്ന പാപികളായ ആ നീചമനുഷ്യരെ ഞാൻ സംസാരത്തിൽ ആസുരയോനികളിലേക്ക് തന്നെ വീണ്ടും വീണ്ടും വലിച്ചെറിയുന്നു
20
ആസുരീം യോനിമാപന്നാഃമൂഢാ ജന്മനി ജന്മനി
മാമപ്രാപ്യൈവ കൗന്തേയ തതോ യാന്ത്യധമാം ഗതിം
                 അർത്ഥം
അർജ്ജുനാ,ആസുരയോനിയിൽ ജനിച്ചും മരിച്ചും കഴിയുന്ന മൂഢന്മാർ അത്തരം ജന്മങ്ങളിലൊന്നിലും എന്നെ പ്രാപിക്കാൻ കഴിയാതെ ത്തന്നെ അതിലും താണ നിലയിലേക്ക് നീങ്ങുന്നു
           വിശദീകരണം
അഹംകാരം ഡംഭം ശ്രേഷ്ഠരായവരെ നിന്ദിക്കൽ ഈശ്വരനെ അപഹസിക്കൽ ജ്ഞാനികളായ വ്യാസാദികളെ വിമർശിക്കൽ തുടങ്ങി സകലവിധ ദുർഗ്ഗുണങ്ങളും ഉള്ളവർആസുരസ്വഭാവികളായി പിറക്കുന്നു വീണ്ടും വീണ്ടും  അങ്ങനെയുള്ളവർ ഭഗവൽ മഹിമ അറിയാതെ അതിലും താണ നിലയിൽ ജനിക്കുന്നു  അപ്പോൾ അത് മനസ്സിലാക്കി  ജീവിക്കാൻ നമ്മെ അർജ്ജുനനെ സാക്ഷിയാക്കി ഉപദേശിക്കുകയാണ്  ഭഗവാൻ ചെയ്യുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ