2016, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

വിവേകചൂഡാമണി  ശ്ളോകം 143 തിയ്യതി -22/9/2016

മഹാമോഹഗ്രാഹഗ്രസനഗളിതാത്മാവഗമനോ
ധിയോ നാനാവസ്ഥാസ്സ്വയമഭിനയം സ്തദ്ഗുണതയാ
അപാരേ സംസാരേ വിഷയവിഷപൂരേ ജലനിധൗ
നിമജ്യോന്മജ്യായം ഭ്രമതി കുമതിഃകുത്സിതഗതിഃ
              അർത്ഥം
മോഹമാകുന്ന വലിയ മുതലയാൽ ഗ്രസിക്കപ്പെട്ട് ആത്മബോധഹീനനായ കുബുദ്ധി ,ബുദ്ധിയുടെ ബഹുവിധ പരിണാമങ്ങളെ തന്റെതെന്ന് എണ്ണി തന്നിലാരോപിച്ച് വിഷയങ്ങളാകുന്ന വിഷജലം കൊണ്ട് നിറഞ്ഞ കരകാണാത്ത സംസാരക്കടലിൽ മുങ്ങിയും പൊങ്ങിയും  കറങ്ങുന്നു  അവന്റെ ഗതി കുത്സിതം തന്നെ
144
ഭാനുപ്രഭാസം ജനിതാഭ്രപംക്തിഃ
ഭാനും തിരോധായ യഥാ വിജൃംഭതേ
ആത്മോദിതാഹം കൃതിരാത്മതത്ത്വം
തഥാ തിരോധായ വിജൃംഭതേ സ്വയം
               അർത്ഥം
സൂര്യകിരണങ്ങൾ മൂലം ഉണ്ടാകുന്ന മുകിൽ മാല സൂര്യനെ മറച്ചു കൊണ്ട് സ്വയം പ്രകടമാകുന്നതു പോലെ ആത്മാവിൽ നിന്ന് ഉത്ഭവിക്കുന്ന അഹംകാരം ആത്മ തത്ത്വത്തെ തിരോഭവിപ്പിച്ചു കൊണ്ട് സ്വയം പുരോഭവിക്കുന്നു
145
കബളിതദിനനാഥേ  ദുർദ്ദിനേ സാന്ദ്രമേഘൈഃ
വ്യഥയതി ഹിമഝംഝാവായുരുഗ്രോ യഥൈതാൻ
അവിരതതമസാത്മന്യാവൃതേ മൂഢബുദ്ധിം
ക്ഷപയതി ബഹുദുഃഖൈസ്തീവ്രവിക്ഷേപശക്തിഃ
             അർത്ഥം
ഇടതൂർന്ന കാർ കൊണ്ടലിനാൽ പകലോൻ ഗ്രസിക്കപ്പെട്ടിരിക്കുന്ന ദുർദ്ദിനത്തിൽ മഞ്ഞും മഴയും കലർന്ന കൊടുങ്കാറ്റ് വഴിപോക്കരെ കഷ്ടപ്പെടുത്തും പോലെ ഗാഢ തമസ്സിനാൽ ആത്മാവ് ആവരണം ചെയ്യപ്പെടുമ്പോൾ  ആ അവിവേകിയായ മനുഷ്യനെ കൊടിയ വിക്ഷേപ ശക്തി അനേക തരത്തിലുള്ള ദുഃഖങ്ങളാൽ നശിപ്പിക്കുന്നു
     വിശദീകരണം
മോഹത്തിനെ വലിയ മുതലയായി ചിത്രീകരിച്ചിരിക്കുന്നു അതിന്റെ പിടിയിൽ പെട്ടാൽ ആത്മബോധം നഷ്ടപ്പെട്ട് കുബുദ്ധിയായിത്തീരും  താൻ ചെയ്യുന്നതെല്ലാം വളരെ ബുദ്ധിപൂർവ്വമാണ് എന്ന് പറഞ്ഞ് വലിയ അപകടത്തിൽ ചെന്നുചാടുന്നു    ആത്മാവിൽ നിന്ന് ഉത്ഭവിക്കുന്ന അഹംകാരം ആത്മഭാവത്തെ ത്തന്നെ മറയ്ക്കുന്നു  മഴക്കാറ് മൂടിക്കെട്ടി കാറ്റും മഴയും വന്ന് വഴിയാത്രക്കാർ എ പ്രകാരം പ്രയാസപ്പെടുന്നുവോ? അജ്ഞാനമാകുന്ന തമസ്സിനാൽ ആത്മാവ് മായ്ക്കപ്പെടുമ്പോൾ മനുഷ്യൻ  വിവിധ തരത്തിലുള്ള ദു:ഖങ്ങളാൽ നശിക്കുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ