2016, സെപ്റ്റംബർ 27, ചൊവ്വാഴ്ച

ഭാഗം 3 എന്റെ മനസ്സിലെ ദുര്യോധനൻ മനസ്സ് തുറന്നപ്പോൾ!!!!

      ചെറിയ ചെറിയ കാര്യങ്ങൾ മുതിർന്നവർ ശ്രദ്ധിച്ചില്ല.ഗദാ പ്രയോഗത്തിൽ നേരാം വണ്ണം ഭീമസേനന് എന്നെ തോൽപ്പിക്കാനാവില്ല പക്ഷേ കായികമായി ശക്തി അയാൾക്ക് കൂടും .കുട്ടിക്കാലത്ത് ഭീമസേനന്റെ കുസൃതികൾ കൗരവർക്ക് താങ്ങാനാകാത്തതായിരുന്നു  അച്ഛനില്ലാത്ത കുട്ടികളല്ലേ എന്ന പരിഗണന കൊട്ടാരത്തിൽ ഉള്ളവർ അവർക്ക് നൽകിയിരുന്നു ഭീമന്റെ വികൃതികൾ നിയന്ത്രിക്കാനോ അയാളെ ശാസിക്കാനോ ഭീഷ്മ പിതാമഹനോ തന്റെ പിതാവോ തുനിഞ്ഞില്ല.ശകുനിയമ്മാവൻ എന്നെ പിരി കേറ്റാനാണ് സമയം കണ്ടെത്തിയത്. അറിയാതെ എന്റെ മനസ്സിൽ ഉണർന്ന ദ്രോഹബുദ്ധി വളരുന്നത് മുതിർന്നവർക്ക് കാണാൻ കഴിഞ്ഞില്ല കാണേണ്ടവർ അന്ധത നടിച്ചു അമ്മ കണ്ണ് മൂടിക്കെട്ടി പാതിവ്രത്യം അനുഷ്ടിച്ചത് ഒരിക്കലും എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല അച്ഛനും അമ്മയും അന്ധരായാൽ മക്കൾ എങ്ങിനെ വഴി പിഴക്കാതിരിക്കും? അതും രാജകുമാരന്മാർ ?

         അശ്വത്ഥാമാവ് ദുര്യോധനൻ പറയുന്നത് മുഴുവൻ മൗനിയായി കേട്ടുകൊണ്ടിരുന്നു .ദുര്യോധനൻ പറയുന്നതിൽ കാര്യമുണ്ട് .ഇപ്പോൾ ദുര്യോധനന് വിവേകമുണ്ട് പക്ഷേ തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . ദുര്യോധനൻ തുടർന്നു  ഗുരുപുത്രാ!ആഥിതേയന്മാർക്ക് ചില മര്യാദകളില്ലേ? അസുര ശില്പിയായ മയന്റെ കരവിരുത് പ്രശംസനീയം തന്നെ സംശയമില്ല .അങ്ങിനെ കരവിരുതോടെ പണി കഴിച്ച ഇന്ദ്ര പ്രസ്ഥത്തിലെ കൊട്ടാര ത്തിലെ രഹസ്യമായ പണികൾ ഒരു യുവരാജാവ് എന്ന നിലയിൽ എന്നെ ബോദ്ധ്യപ്പെടുത്തേണ്ടതായിരുന്നില്ലേ? അതില്ലാത്ത കാരണം ഞാൻ ജലഭ്രംശം ഉള്ളിടത്ത് വീണു അത് കണ്ട് പാഞ്ചാലി കൈകൊട്ടിച്ചിരിച്ചു അത് സഹിക്കാൻ എനിക്ക് കഴിയുന്നില്ല .ഞാനൊരു യുവരാജാവാണ് ആ ബഹുമാനം ആരെങ്കിലും എനിക്ക് തന്നിട്ടുണ്ടോ? ഏത് രാജ നീതിയിലാണ് ഒരു രാജകുമാരനെ അപമാനിച്ചാൽ അതിന് സാധുത നൽകുന്നത്? രാജദ്രോഹമായി കാണേണ്ട ഒന്നല്ലേ? അപകടം ഉള്ള സ്ഥലം ഒരു രാജകുമാരനെ അറിയിക്കേണ്ട ധർമ്മം ആഥിതേയർക്കില്ലേ?

       പാഞ്ചാലിയെ പിന്നീട് ആരെങ്കിലും ശാസിച്ചോ? യുധീഷ്ഠിരൻ ധർമ്മിഷ്ഠനാണല്ലോ! നീ ചെയ്തത് തെറ്റായി മാപ്പ് ചോദിക്കണം എന്ന് പറഞ്ഞിരുന്നെങ്കിൽ എനിക്ക് ഇത്രയും വൈരാഗ്യം തോന്നില്ലായിരുന്നു എന്റെ കോപം എനിക്ക് സഹിക്കാൻ കഴിയാത്തതു കൊണ്ടാണ് വസ്ത്രാക്ഷേപത്തിന് ഞാൻ മുതിർന്നത് എനിക്കിനി എന്ത് നോക്കാൻ? ആര് എന്ത് ചെയ്താലും ദുര്യോധനൻ അധർമ്മി അല്ലേ? അപമാനം ആർക്കും സഹിക്കാൻ കഴിയില്ല.എന്റെ പിതാവിന്റേയും ചെറിയച്ഛന്റെയും മാതാക്കളെ ഭീഷ്മ പിതാമഹൻ ബലമായി പിടിച്ച് കൊണ്ട് വന്നത് മറ്റുള്ളവരുടെ പരിഹാസത്തിൽ കോപിച്ചല്ലേ? താങ്കളുടെ പിതാവും അത് തന്നെയല്ലെ ചെയ്തത്? ദ്രുപദൻ അപമാനിച്ചപ്പോൾ അത് സഹിക്കാൻ കഴിയാതെ ശിഷ്യരെ യുദ്ധത്തിന് പറഞ്ഞു വിട്ടില്ലേ? ഭീമനും അർജ്ജുനനും ചേർന്ന് ദ്രുപദ രാജനെ ബന്ധനത്തിലാക്കി താങ്കളുടെ പിതാവിന്റെ മുന്നിൽ കൊണ്ടു വന്നു നിർത്തിയില്ലേ? യുവരാജാവായ ഞാൻ ചെയ്തത് അധർമ്മം മറ്റുള്ളവർക്ക് എന്തുമാകാം ഞാൻ ഒരു മജ്ജയും മാംസവും ഉള്ള ഒരു ജീവിയല്ലേ? എനിക്കെന്താ മാനാഭിമാനങ്ങൾ ഇല്ലേ?

ഗുരുപുത്രാ!കൃഷ്ണൻ ഇല്ലായിരുന്നെങ്കിൽ പാണ്ഡവർ എന്നേക്കാൾ കൂടുതൽ അധർമ്മികളാകുമായിരുന്നു.എല്ലാവരാലും അവഹേളിക്കപ്പെടുന്ന ഞാൻ ഇത്രയെങ്കിലും ചെയ്യേണ്ടേ? ഞാൻ അധർമ്മി തന്നെ സമ്മതിച്ചു എന്ന് വെച്ച് മറ്റുള്ളവർ ചെയ്യുന്നത് മുഴുവൻ ധർമ്മമാകുമോ? പ്രസവിച്ച കുഞ്ഞിന് മുലപ്പാൽ കൂടി കൊടുക്കാതെ പുഴയിലൂടെ ഒഴുക്കിവിട്ട കുന്തിയമ്മയുടെ പ്രവൃത്തി ഏത് ധർമ്മത്തിന്റെ പേരിൽ ന്യായീകരിക്കാനാകും? ആ വേദന അനുഭവിക്കുന്ന കർണ്ണന്റെ മനസ്സ് എന്തേ ആർക്കും കാണാൻ കഴിയാത്തത്? ഞാനും കർണ്ണനും അധർമ്മം പ്രവർത്തിച്ചെങ്കിൽ അതിന് കാരണക്കാർ ഇല്ലേ? അവർക്ക് അതിൽ നിന്ന് ഒഴിഞ്ഞു മാറാനാകുമോ?  തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ