2016, സെപ്റ്റംബർ 17, ശനിയാഴ്‌ച

നാരായണീയം  ദശകം 22 തുടങ്ങുന്നു  അജാമിളോപാഖ്യാനം Date 17/9/2016   ശ്ലോകം  - 1

അജാമിളോ നാമ മഹീ സുര:
ചരൻ വിഭോ! ധർമ്മപഥാൻ ഗൃഹാശ്ര മീ
ഗുരോർഗി രാ കാനനമേത്യ ദൃഷ്ടവാൻ
സുധൃഷ്ടശീലാം കുലടാം മദാകുലാം
          അർത്ഥം
സർവ്വ വ്യാപിയായ ഭഗവാനേ!പണ്ട് ഗൃഹസ്ഥനും ധാർമ്മികനുമായ അജാമിളൻ എന്ന ഒരു ബ്രാഹ്മണൻ അച്ഛന്റെ വാക്ക് കേട്ട് ദർഭ,ചമത മുതലായവക്കായി  വനത്തിലേക്ക് പോയപ്പോൾ അവിടെ വെച്ച് മദം കൊണ്ട് മതിമറന്നവളും എന്തിനും കൂസലില്ലാത്തവളുമായ ഒരു കുലടയെ കണ്ടെത്തി
         ഇവിടെ അജാമിളൻ എന്ന പദത്തിന് അജ്ഞാനി എന്നാണ് അർത്ഥം കല്പിക്കപ്പെടുന്നത് അതിനാൽ അയാൾക്ക് വേറെ പേരുണ്ടായിരിക്കണം
2
സ്വതഃ പ്രശാന്തോ/പി തദാഹൃതാശയഃ
സ്വധർമ്മമുത്സൃജ്യ തയാ സമാരമൻ
അധർമ്മകാരീ ദശമീഭവൻ പുനർ-
ദധൗ ഭവന്നാമയുതേ സുതേ രതിം
            അർത്ഥം
സ്വതവെ പ്രശാന്തനാണെങ്കിലും  അജാമിളൻ ദാസിയാൽ വശീകൃതനായിട്ട് സ്വധർമ്മം കൈവിട്ട് അവളോട് കൂടി ഉല്ലസിച്ച് അധർമ്മങ്ങളുമാചരിച്ച് വരവേ വാർദ്ധക്യം ബാധിച്ചപ്പോൾ അവിടുത്തെ നാമമുള്ള മകനിൽ കൂടുതൽ പ്രിയമുള്ളവനായിത്തീർന്നു
3
സ മൃത്യുകാലേ യമരാജകിങ്കരാൻ
ഭയംകരാംസ്ത്രീനഭിലക്ഷയൻ ഭിയാ
പുരാ മനാക് ത്വത്സ്മൃതിവാസനാബലാത്
ജുഹാവ നാരായണനാമകം സുതം
        അർത്ഥം
അയാൾ മരിക്കാറായപ്പോൾ ഭയങ്കരാകൃതികളായ മൂന്ന് കാലദൂതന്മാരെ കണ്ട് പേടിച്ച് പണ്ട് കുറച്ച് ഭഗവദ്സ്മരണഉണ്ടായിരുന്നത് മൂലമുണ്ടായ വാസനാബലത്താൽ നാരായണനെന്നു പേരുള്ള മകനെ പേരെടുത്തു വിളിച്ചു
4
ദുരാശയസ്യാപി തദാസ്യ നിർഗ്ഗത-
ത്വദീയനാമാക്ഷരമാത്രവൈഭവാത്
പുരോ/ഭിപേതുർഭവദീയപാർഷദാഃ
ചതുർഭുജാഃപീതപടാ മനോരമാഃ
          അർത്ഥം
സ്വതവേ ദുർബുദ്ധിയാണെങ്കിലും ഇവന്റെ മുൻഭാഗത്ത് കാലദൂതന്മാർക്കും അജാമിളനും നടുവിലായിട്ട് - അവന്റെ വായിൽ നിന്നും പുറപ്പെട്ട നിന്തിരുവടിയുടെ തിരുനാമത്തിന്റെ കേവല മഹാത്മ്യം കൊണ്ട് നാല് കൈകളും മഞ്ഞപ്പട്ടും മനോഹരാകൃതിയും ഉള്ള നിന്തിരുവടിയുടെ ദൂതന്മാർ പെട്ടെന്ന് ആവിർഭവിച്ചു
          വിശദീകരണം
ഈ സന്ദർഭത്തെ ചില അജ്ഞാനികൾ എന്ത് അധർമ്മവും ചെയ്യാനുള്ള അനുവാദമായി ചിത്രീകരിക്കാറുണ്ട് അവർ പറയും എന്തും ചെയ്യാം അവസാന കാലത്ത് നാരായണാ എന്ന് ഉച്ചരിച്ചാൽ മതിയല്ലോ!  പക്ഷെ മരണസമയത്തെ മാനസികാവസ്ഥ ഒരിക്കലും ആർക്കും അറിയില്ല  മുൻപ് ഉണ്ടായിരുന്ന ഭഗവദ് സ്മരണ മൂലമുണ്ടായ വാസനാബലത്തിൽ മാത്രമാണ് അജാമിള ന് പുത്രനെ വിളിച്ചതാണെങ്കിലും നാരായണാ എന്ന് ഉച്ചരിക്കാൻ തോന്നിയത്  അങ്ങിനെ ഒരു പൂർവ്വ ഭഗവദ് സ്മരണ ഇല്ലാത്തവർക്ക് നല്ല സമയത്ത് നാരായണാ എന്ന് വിളിച്ചാൽ മതിയല്ലോ എന്ന് പറയാം പക്ഷെ മരണ സമയത്ത് അങ്ങിനെ വിളിക്കാൻ തോന്നേണ്ടേ?   ഇവിടെ നാരായണ മന്ത്രത്തിന്റെ പ്രസക്തി നമ്മെ ബോധിപ്പിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ