2016, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം ഭാഗം --3

ഒന്നാം അദ്ധ്യായത്തിന് അർജ്ജുന വിഷാദയോഗം  എന്നാണ് പേരിട്ടിരിക്കുന്നത് .അർജ്ജുനന്റെ ചിന്താഗതി പല സന്ദർഭങ്ങളിലും നമുക്കും ഉണ്ടാകാറുണ്ട്. അപ്പോൾ മനുഷ്യന് പോതുവെയുള്ള അജ്ഞാനമാണ് ഇത് എന്നതിനാൽ വിഷാദയോഗം എന്ന് പോരേ? ഈ ചോദ്യം പലരും എന്നോട് ചോദിച്ചിട്ടുണ്ട്. പെട്ടെന്ന് കേട്ടാൽ ശരിയാണല്ലോ എന്ന് ഏവർക്കും തോന്നുകയും ചെയ്യും .അതിന് ഭഗവാന്റെ ആദ്യവചനം നമുക്കൊന്ന് നോക്കണം.

രണ്ടാം അദ്ധ്യായമായ സാംഖ്യ യോഗത്തിലെ രണ്ടാം ശ്ലോകമാണ് ഭഗവാന്റെ ആദ്യത്തെ വാണി. അതിന്റെ അർത്ഥം ഇതാണ് "ഹേ അർജ്ജുനാ!ഈ വിഷമഘട്ടത്തിൽ ആര്യന്മാർ (ശ്രേഷ്ഠന്മാർ)ആചരിക്കാത്തതും ,സ്വർഗ്ഗപ്രാപ്തിക്ക് ഉതകാത്തതും ചീത്തപ്പേരുണ്ടാക്കുന്നതുമായ ഈ മൗഢ്യം നിനക്ക് എവിടുന്നു വന്നു ചേർന്നു"----ഇവിടെ അർജ്ജുനൻ ശ്രേഷ്ഠനും,സ്വർഗ്ഗപ്രാപ്തിക്ക് അർഹനും,സൽപ്പേര് നിലനിർത്തുന്നവനും ആണ് എന്നാണ് കൃഷ്ണന്റെ നിഗമനം പക്ഷേ അതിന് നേരെ വിപരീതമായ ചിന്താഗതി എവിടുന്നു വന്നു ചേർന്നു?ഇത് നിന്റെ യഥാർത്ഥ സ്വഭാവമല്ലല്ലോ! എന്നാണ് കൃഷ്ണ വചനത്തിലെ ആന്തരികാർത്ഥം.ധൃതരാഷ്ട്രരുടെ കത്തിന്റെ കാര്യം പരോക്ഷമായി സൂചിപ്പിക്കുകയാണ് ഭഗവാൻ ഇവിടെ ചെയ്യുന്നത്.

ഇത് മനുഷ്യന്റെ സ്വഭാവമാണ്.നമ്മുടെ സ്വഭാവത്തിന് നിരക്കാത്ത കാര്യങ്ങൾ നമ്മളിൽ കണ്ടാൽ ഇത് ആരുടേയോ സ്വാധീനമാണ് എന്ന് ഉറപ്പിക്കാം.നമുക്ക് ഇത് ശരിയാണല്ലോ എന്ന ബോധം ഉറപ്പിക്കുവാൻ പാകത്തിലുള്ള പ്രയോഗങ്ങളായിരിക്കും നമ്മുടെ അഭ്യൂദയ കാംക്ഷികൾ എന്നറിയപ്പെടുന്ന കൂട്ടർ നിരത്തുക.ആ ഘട്ടത്തിൽ കൃഷ്ണനെ പോലുള്ള ഒരു ഗുരുവിന്റെ സാന്നിദ്ധ്യം അത്യാവശ്യമാണ്.അല്ലെങ്കിൽ നമ്മൾ ബാഹ്യപ്രേരണക്ക് വശംവദരായി തെറ്റായ മാർഗ്ഗത്തിലൂടെ നീങ്ങും.എന്നാൽ ഈ തെറ്റായ വഴിയിലൂടെ ഉള്ള ഗമനം നമ്മുടെ യഥാർത്ഥ സ്വഭാവം അല്ല താനും   മനശ്ശാസ്ത്ര പരമായ ഈ സംഗതി അറിയാവുന്നത് കൊണ്ടാണ് വ്യാസ മഹർഷി അത് വിശദീകരിച്ച് നമുക്ക് തന്നിട്ടുള്ളത്.അതിനാൽ ത്തന്നെ ഗുരുവിന്റെ രൂപത്തിൽ ഭഗവാൻ നമ്മോടൊപ്പം ഉണ്ട് താനും ഭഗവദ്ഗീതാ എന്ന അതിവിഷ്ഠമായ ഗ്രന്ഥരൂപത്തിൽ..ഇനി ഭഗവദ് സ്മരണയോടെ ഗീത പഠിച്ച് അത് ഉൾക്കൊള്ളുകയേ വേണ്ടൂ.

ശോകമോഹങ്ങൾക്ക് അടിമപ്പെട്ട ഒരർജ്ജുനൻ നമ്മളിലും ഉണ്ട്.നാം ഓരോരുത്തരും ഇത്തരത്തിലുള്ള. ഓരോ അർജ്ജുനന്മാരാണ്.എന്നാൽ ശോകമോഹങ്ങൾക്ക് അടിമപ്പെട്ടവനെങ്കിലും അർജ്ജുനൻ ധനുർധരനാണ് കൂടെ യോഗീശ്വരനായ കൃഷ്ണനും ഉണ്ടായിരിക്കും അതെ! ജ്ഞാനരൂപത്തിൽ യോഗീശ്വരനായ കൃഷ്ണൻ നമ്മളിലും കുടി കൊള്ളുന്നു.അത് മനസ്സിലാക്കി യോഗീശ്വരനായ കൃഷ്ണനെ നാമ ജപത്താൽ ഉണർത്തുക .ഭഗവദ് ഗീതാ പഠനവും ,പാരായണവും ,ശ്രവണവും അതിന് നമുക്ക് വഴിയൊരുക്കുന്നു.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ