2016, ഒക്‌ടോബർ 26, ബുധനാഴ്‌ച

ഭഗവദ് ഗീത - ഒരു പുനരവലോകനം - ഭാഗം-8 Date 26/ 10/2016

അർജ്ജു നാ! ആത്മാവിനെ ആയുധങ്ങൾ മുറിക്കുന്നില്ല. അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല' വായു ഉണക്കുന്നില്ല. ഇങ്ങിനെ ഒക്കെ ആണെങ്കിലും ആത്മാവ് നിത്യനും സർവ്വവ്യാപിയും സ്ഥിരനും ഇളക്കമില്ലാത്തവനും കാലാതീതനുമാകുന്നു. ഇന്ദ്രിയങ്ങൾക്ക് അറിയപ്പെടുന്നവനല്ല അതിനാൽ അവ്യക്തനെന്നു പറയുന്നു. മനോബുദ്ധികൾക്ക് വിഷയമല്ലാത്തതിനാൽ അതായത് അപ്രാപ്യ തായതിനാൽ അചിന്ത്യനെന്നു പറയപ്പെടുന്നു. ജഡ വസ്തു അല്ലാത്തതിനാൽ വികാരമില്ലാത്തവനെന്നും പറയപ്പെടുന്നു. അതിനാൽ ആത്മാവിനെ ഇ പ്രകാരം അറിഞ്ഞ് നീ ദു:ഖിക്കരുത്.

നേരെ മറിച്ച് ഈ ആത്മാവ് എന്നും ജനിക്കുന്നവനും മരിക്കുന്നവനും ആണെന്ന് നീ കരുതിയാൽ പോലും നീ ഇങ്ങിനെ ദു:ഖിക്കാൻ പാടില്ലല്ലോ! കാരണം ജനിച്ചവന് മരണം തീർച്ചയാണ്.മരിച്ചവന് ജന്മവും തീർച്ചയാണ് അതിനാൽ പരിഹാരമില്ലാത്ത ഈ കാര്യത്തിൽ നീ ദു:ഖിക്കരുത്.

അർജ്ജു നാ! ജീവജാലങ്ങൾ ജനന ത്തിന് മുമ്പ് അവ്യക്തങ്ങളും ജീവിക്കുന്ന സമയത്ത് വ്യക്തങ്ങളും മരണാനന്തരം വീണ്ടും അവ്യക്തങ്ങളും ആകുന്നു. അതിൽ എന്തിന് വിലപിക്കുന്നു? ചിലർ ആത്മാവിനെ ആശ്ചര്യം എന്ന പോലെ കാണുന്നു. ചിലർ ആശ്ചര്യം എന്ന പോലെ പറയുന്നു. ചിലർ ആശ്ചര്യം എന്ന പോലെ കേൾക്കുന്നു. ഇങ്ങിനെയൊക്കെയായിട്ടും ആരും ആത്മാവിനെ അറിയുന്നും ഇല്ല. അർജ്ജു നാ' എല്ലാവരുടേയും ദേഹത്തിൽ കുടികൊള്ളുന്ന ആത്മാവ് ഒരിക്കലും വധിക്കപ്പെടുന്നവനല്ല. അതിനാൽ സമസ്ത ജീവികളെ കുറിച്ചും നീ ദു:ഖിക്കുവാൻ പാടില്ല.

സ്വന്തം ധർമ്മത്തെ നോക്കീട്ടായാലും നീ പതറാൻ പാടില്ല. എന്തെന്നാൽ ക്ഷത്രിയന് ധർമ്മയുദ്ധത്തേക്കാൾ ശ്രേയസ്കരമായി മറ്റൊന്നില്ല. ആരും അപേക്ഷിക്കാതെ വന്നു ചേർന്നതും തുറന്ന സ്വർഗ്ഗവാതിലുമായ ഇത് പോലുള്ള ധർമ്മയുദ്ധം ഭാഗ്യവാന്മാരായ ക്ഷത്രിയർക്കേ കിട്ടൂ! ഇനി ധർമ്മ യുക്തമായ ഈ യുദ്ധം നീ ചെയ്യില്ലെങ്കിൽ അതുമൂലം സ്വധർമ്മവും കീർത്തിയും കളഞ്ഞ് പാപമായിരിക്കും നീ സമ്പാദിക്കുക (തുടരും) '

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ