ഭഗവദ് ഗീത ഒരു പുനരവലോകനം --ഭാഗം -6 തിയ്യതി--23/10/2016
ഇന്ദ്രിയ വിഷയങ്ങൾ സുഖം ,ദുഃഖം എന്നിവയെ ഉണ്ടാക്കുന്നവയും ,അസ്ഥിരങ്ങളും ആണ്.ആയതിനാൽ അർജ്ജുനാ നീ അവയെ സഹിക്കുക.സുഖത്തേയും ,ദുഖത്തേയും ഒരേ പോലെ കരുതുന്ന ധീരനായ പുരുഷൻ ആത്മാക്ഷാത്കാരത്തിന് യോഗ്യനായി ഭവിക്കുന്നു . തുടർന്ന് ഭഗവാൻ പ്രയുന്നു ഇല്ലാത്ത ഒന്നിന് ഉണ്ട് എന്ന അവസ്ഥ ഇല്ല.ഉള്ള ഒന്നിന് ഇല്ല എന്ന അവസ്ഥയും ഇല്ല. ഉള്ളതിന്റേയും ,ഇല്ലാത്തതിന്റേയും പരമാർത്ഥ സ്ഥിതി തത്വദർശികളാൽ വെളിവാക്കപ്പെട്ടതുമാണ്.
ഇവിടെ സുഖവും ,ദുഃഖവും സ്ഥിരമല്ലാത്തതും ഇന്ദ്രിയ വിഷയവും ആകുന്നു. സ്ഥിരമല്ലാത്ത ഒന്നിനും ഉണ്ട് എന്ന അവസ്ഥയില്ല മാത്രമല്ല ഒരേ സംഭവം വ്യത്യസ്ഥ വ്യക്തികളിൽ വ്യത്യസ്ഥ വികാരങ്ങളാണ് ഉണ്ടാക്കുന്നത് പിതാവ് മരിക്കുമ്പോൾ നാം ദുഃഖിക്കുന്നു. അതേ സമയം രോഗപീഡയാൽ ദുരിതം അനുഭവിക്കുന്നത് കാണുമ്പോൾ കൂടുതൽ നരകം അനുഭവിക്കാതെ കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു എന്ന് വിചാരിക്കുന്നതൂം നമ്മൾ തന്നെ! അപ്പോൾ ആപേക്ഷികമായ ഇത്തരം കാര്യങ്ങളിൽ ചിത്തവൃത്തി നിരോധം സാധിച്ചാൽ അവൻ ആത്മ സാക്ഷാത്കാരത്തിന് അർഹനാണ് എന്ന് ഭഗവാൻ പറയുന്നു.
ഭഗവാൻ പറയുന്നു മുമ്പ് ഇല്ലാത്തതും മേലിൽ ഇല്ലാതായിത്തീരുന്നതും എന്നാൽ ഇപ്പോൾ ഉള്ളതായി കാണപ്പെടുന്നത് എന്തോ അത് അസത്താണ്.മുമ്പ് ഉണ്ടായിരുന്നതും ,ഇപ്പോൾ ഉള്ളതും ,മേലിൽ ഉണ്ടാകുന്ന തുമായ ഒന്നിനെ സത്ത് എന്ന് പറയുന്നു.ഏതൊന്നിനാൽ ഇതൊക്കെയും വ്യാപിക്കപ്പട്ടിരിക്കുന്നു? അത് അവിനാശിയാണ് .നാശരഹിതമായ അതിനെ നശിപ്പിക്കാൻ ആർക്കും കഴിയില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ